Sorry, you need to enable JavaScript to visit this website.

ദൽഹി ഓർഡിനൻസ്: പാർലിമെന്റിൽ ആം ആദ്മിയെ കോൺഗ്രസ് പിന്തുണക്കും; പരസ്യ പ്രതികരണമില്ല 

ന്യൂദൽഹി- ദൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന സർവീസ് ഓർഡിനൻസ് വിഷയത്തിൽ പരസ്യ നിലപാട് പ്രഖ്യാപിക്കാൻ ഇനിയും മടിച്ച് കോൺഗ്രസ്. പാർലിമെന്റിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാനാണ് പാർലിമെന്റിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനായി കോൺഗ്രസ് തീരുമാനം. സോണിയ ഗാന്ധിയുടെ വസതയിൽ വിളിച്ചുചേർത്ത സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം ഇത് പരസ്യമായി പ്രഖ്യാപിക്കാൻ നേതാക്കൾ തയ്യാറായില്ല. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനങ്ങളുടെ ഭരണകാര്യങ്ങളിൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിയെ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ശക്തമായി എതിർക്കുമെന്ന് യോഗ തീരുമാനം വിശദീകരിച്ച കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നേരിട്ടും ഗവർണർമാരെ ഉപയോഗിച്ചും സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടുന്ന മോഡി സർക്കാർ നടപടിക്കെതിരാണ് തങ്ങളുടെ എക്കാലത്തെയും നിലപാടെന്ന് ജയറാം രമേശ് പറഞ്ഞു. എന്നാൽ, ദൽഹി സർവീസ്  ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ജയറാം രമേശ് നേരിട്ടുള്ള മറുപടി നൽകിയില്ല. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളായാലും പ്രാദേശിക ഭരണകൂടങ്ങളായാലും കേന്ദ്ര സർക്കാർ നേരിട്ടോ അല്ലാതെയോ നടത്തുന്ന ഇടപെടലുകൾക്ക്  കോൺഗ്രസ് എതിരാണെന്ന് ആവർത്തിക്കുകയാണ് ജയറാം രമേശ് ചെയ്തത്. ഭരണഘടനാ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. ഇതിനെയെല്ലാം പാർലമെന്റിലും പുറത്തും എതിർക്കും. ആംആദ്മി പാർട്ടി ബംഗളുരുവിലെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ജയറാം രമേശ് പറഞ്ഞു. മണിപ്പൂർ കലാപം, ഒഡീഷ തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിൽ റയിൽ സുരക്ഷ, ഗുസ്തി താരങ്ങൾക്കെതിരായ പോലിസ് അതിക്രമം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും ജയറാം രമേശ് അറിയിച്ചു. അതേസമയം, കോൺഗ്രസിന്റെ ഈ നിലപാട് കൊണ്ട് മാത്രം എഎപി പ്രതിപക്ഷ യോഗത്തിന് എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കോൺഗ്രസ് പരസ്യമായ നിലപാട് സ്വീകരിക്കാതെ പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് എ.എ.പി അറിയിച്ചിരുന്നത്. 

Latest News