ബംഗളൂരു- കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമെന്നാരോപിച്ച് വാട്‌സാപ്പ് വഴി ഫോട്ടോ അടക്കം വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ ഒരു ഗൂഗ്ള്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെ നാലു പേരടങ്ങുന്ന സംഘത്തെ ആള്‍ക്കൂട്ടം മര്‍ദിച്ചു. ഗുരുതരമായി മര്‍ദനമേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മുഹമ്മദ് അസം അഹ്മദ് സംഭവ സ്ഥലത്തു വച്ച് തന്നെ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശികളായ നൂര്‍ മുഹമ്മദ്, മുഹമ്മദ് സല്‍മാന്‍, ഖത്തര്‍ പൗരന്‍ സല്‍ഹം ഈദല്‍ കുബൈസി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിദാറിലെ ബന്ധുക്കളെ കാണാനും പരിപാടിയില്‍ പങ്കെടുക്കാനും എത്തിയതായിരുന്നു ഇവര്‍. പരിപാടി കഴിഞ്ഞ് ഇവര് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഭൂമി കാണാനായി പോകവെയാണ് 30ഓളം പേരടങ്ങുന്ന സംഘം ഇവരെ മര്‍ദിച്ചത്.
ഒറാഡ് താലൂക്കിലെ മുര്‍ക്കി ഗ്രാമത്തില്‍ ഒരു ചായക്കടയ്ക്കു സമീപം വണ്ടി നിര്‍ത്തി വിശ്രമിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ ഇതുവഴി സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന കുട്ടികള്‍ക്ക് കുബൈസി ചോക്ലേറ്റ് നല്‍കി. ഇതു കണ്ട ഒരാള്‍ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്ന സംശയം ഉന്നയിക്കുകയും കൂടുതല്‍ പേരെ വിളിച്ചു കൂട്ടുകയും ആയിരുന്നുവെന്ന് കുബൈസിയുടെ ഭാര്യ സൈബുന്നിസ പറയുന്നു. അപകടം മണത്ത സംഘം വേഗം കാറില്‍ കയറി മടങ്ങി. ഇതിനിടെ ഇവരുടെ ഫോട്ടോ എടുത്ത് വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.
'തൊട്ടടുത്ത ഗ്രാമത്തില്‍ ഇവരെ തടയാനായി റോഡില്‍ കല്ലും മറ്റും നിരത്തി തടസം സൃഷ്ടിച്ചിരുന്നു. ഇതു വെട്ടിച്ച് വേഗത്തില്‍ ഓടിച്ചു പോകുന്നതിനിടെ കാര്‍ കലുങ്കിലേക്ക് വീണു. ഇതിനിടെയാണ് ഓടിക്കൂടിയ ആള്‍ക്കുട്ടം സംഘത്തെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചത്,' മലക്കപേട്ട് എംഎല്‍എ അഹ്മദ് ബലാല പറഞ്ഞു. രണ്ടു പോലീസുകാര്‍ സംഭവ സ്ഥലത്ത് എത്തിയെങ്കിലും അവര്‍ക്ക് ആള്‍ക്കൂട്ടത്തെ തടയാനായില്ലെന്നും അദ്ദേഹം പറഞ്ഞു.