Sorry, you need to enable JavaScript to visit this website.

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും സിനിമാ പ്രമോഷന് വന്നില്ലെന്ന് കുഞ്ചാക്കോ ബോബനെതിരെ പദ്മിനി നിര്‍മാതാവ്

കൊച്ചി- കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വ്വഹിച്ച മലയാള ചിത്രമാണ് 'പദ്മിനി'. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ജൂലൈ 14നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം 'ലിറ്റില്‍ ബിഗ് ഫിലിംസ്'ന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിര്‍മ്മാതാവ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

'പദ്മിനിയെ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ആശ്ലേഷിച്ചതിന് എല്ലാവര്‍ക്കും നന്ദി' എന്നു പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാവ് സുവിന്‍ കെ. വര്‍ക്കി ആരംഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ ഉണ്ടായ അനുഭവങ്ങളാണ് പ്രധാനമായും കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 

ചിത്രത്തിലെ നായകവേഷം അഭിനയിക്കാന്‍ 2.5 കോടി വാങ്ങിയ നടന്‍ ടി. വി അഭിമുഖങ്ങള്‍ നല്‍കിയില്ല, കൂടാതെ നടന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാല്‍ പരിപാടികളുടെ മുഴുവന്‍ പ്രൊമോഷന്‍ പ്ലാനും ചാര്‍ട്ടും നിരസിക്കപ്പെട്ടു എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഇത് കുഞ്ചാക്കോ ബോബന്‍ എന്ന നടനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും 'പദ്മിനി'യുടെ നിര്‍മ്മാതാവ് തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

ഈ നടന്‍ സഹനിര്‍മ്മാതാവായ ഒരു സിനിമക്ക് ഇങ്ങനെ സംഭവിക്കില്ലെന്നും താരം എല്ലാ ടി. വി അഭിമുഖങ്ങളിലും പങ്കെടുക്കുകയും ടി. വി ഷോകളിലും അതിഥിയായിരിക്കുകയും ചെയ്യുന്നുണ്ടെന്നും ബാഹ്യ നിര്‍മ്മാതാവ് ആകുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നുമാണ് നിര്‍മ്മാതാവ് പറയുന്നത്. 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി എടുത്ത സിനിമയുടെ പ്രമോഷനെക്കാള്‍ രസകരം യൂറോപ്പില്‍ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതാണെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സിനിമകള്‍ക്ക് വേണ്ടത്ര റണ്‍ കിട്ടാത്തതില്‍ എക്‌സിബിറ്റര്‍മാര്‍ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ട് സിനിമകള്‍ക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നതോടൊപ്പം അഭിനേതാക്കള്‍ക്ക് അവര്‍ ഇടപെടുന്ന ഉത്പന്നം മാര്‍ക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും ഉണ്ടെന്നും ഒരു വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന 200ലേറെ സിനിമകളില്‍ നിങ്ങളുടെ സിനിമ കാണാന്‍ പ്രേക്ഷകരെ ആകര്‍ഷിക്കേണ്ടതുണ്ടെന്നും ഇത് ഷോബിസാണ് നിങ്ങളുടെ നിലനില്‍പ്പ് പ്രേക്ഷകരുടെ വിധിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കാഴ്ചക്കാരെ നിസ്സാരമായി കാണരുതെന്നും പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാവ് സുവിന്‍ കെ. വര്‍ക്കി തന്റെ വരികള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

Latest News