ന്യൂദൽഹി-യമുനാ നദിയിലെ ജലനിരപ്പ് അൽപ്പം താഴ്ന്നെങ്കിലും ന്യൂദൽഹിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം തുടരുന്നു. യമുനയിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം ആറ് മണിക്ക് 208. 17 മീറ്ററായി കുറഞ്ഞതായി കേന്ദ്രജല കമ്മീഷൻ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇത് 208. 32 ആയിരുന്നു. നദിയിലെ ജല നിരപ്പ് പതുക്കെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ കാലാവസ്ഥയുടെ മാറ്റത്തെ ആശ്രയിച്ചായിരിക്കും ഇതെന്നും കേന്ദ്രജല കമ്മീഷൻ വ്യക്തമാക്കി. സുപ്രീംകോടതി, രാജ്ഘട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ഇന്നലെ വെള്ളത്തിലായി. രാജ്ഘട്ട് പൂർണമായും സുപ്രീം കോടതിയുടെ കവാടം വരെയുമാണ് വെള്ളമെത്തിയത്. ചെങ്കോട്ടയുടെ ചില ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ഐടി ഒ റിംഗ് റോഡ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും ഇപ്പോഴും വെള്ളത്തിനടിയിലാണ്. യമുനയിലെ വെള്ളം കുറയുന്നുണ്ടെങ്കിലും ഒഴികിപരക്കുന്നത് നിയന്ത്രിക്കുന്ന സംവിധാനം തകരാറിലായതാണ് യമുനനദിയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള സുപ്രീംകോടതി പരിസരത്ത് വരെ വെള്ളം ഒഴുകിയെത്താൻ ഇടയാക്കിയത്. അതിനിടെ, ദൽഹിയിലെ മുകന്ദ്പൂർ ചൗക്ക് മെട്രോ നിർമാണ ഭാഗത്തെ കുഴിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് പത്തും പതിമൂന്നം വയസ്സിനിടയിൽ പ്രായമുള്ള മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത്. ദൽഹിയിലെ ശുദ്ധ ജല വിതരണത്തെ പ്രളയം കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശുദ്ധജലത്തിനായി ദൽഹി നഗരവാസികൾ നെട്ടോട്ടമോടുകയാണ്. ശുദ്ധജല വിതരണ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും യമുന ദനിയിലെ ജല നിരപ്പ് താഴന്നതോടെ ഓഖ്ലയിലെ വെള്ളശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചതായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. യുമുനയിൽ വെള്ളം ഉയർന്നതോടെ പ്രധാനപ്പെട്ട മൂന്ന് ശുദ്ധീകരണ പ്ലാന്റുകളാണ് ദൽഹിയിൽ അടച്ചിട്ടത്.