ന്യൂദൽഹി- ഏക സിവിൽകോഡ് വിഷയത്തിൽ അഭിപ്രായം അറിയിക്കാനുള്ള തീയതി രണ്ടാഴ്ചകൂടി നീട്ടി നിയമ കമ്മീഷൻ. ഈ മാസം 28വരെ പൊതുജനങ്ങൾക്കും അംഗീകൃത സംഘടനകൾക്കും ഏക സിവിൽ കോഡ് വിഷയത്തിൽ അഭിപ്രായം അറിയിക്കാമെന്ന് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നൽകിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ പൗരൻമാർക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വളരെ കുറവാണെന്ന് കാണിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയതോടെയാണ് നീയതി നീട്ടിയത്. പൊതുജനങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണവും അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്ന അഭ്യാർഥനയും കണക്കിലെടുത്ത് ഏക സിവിൽ കോഡ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിനുള്ള അവസരം ഈ മാസം 28 വരെ നീട്ടുന്നതായി നിയമ കമ്മീഷൻ വ്യക്തമാക്കി. ഇതിനകം ഒൺലൈൻ വഴി അമ്പത് ലക്ഷത്തിലധികം പ്രതികരണങ്ങളാണ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതുവരെ അറുപത് ലക്ഷത്തോളം പ്രതികരണങ്ങളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. ഏക സിവിൽകോഡ് ദേശീയ താൽപ്പര്യത്തിന് ചേരുന്നതല്ലെന്ന് ചൂണ്ടികാണിച്ച് ശിരോമണി അകാലിദൾ 22-ാം നിയമ കമ്മീഷന് കത്ത് നൽകി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏക സിവിൽകോഡിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.