സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇ. ഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ- തമിഴ്‌നാട് മുന്‍ മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇ. ഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സെന്തില്‍ ബാലാജിയുടെ ഭാര്യ മേഗല നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് മൂന്നാം ജഡ്ജിയായി നാമകരണം ചെയ്യപ്പെട്ട ജസ്റ്റിസ് സി. വി. കാര്‍ത്തികേയനാണ് ഇ. ഡിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

അറസ്റ്റും റിമാന്റും നിയമപരമാണെന്നും അന്വേഷണത്തെ തടയാന്‍ പ്രതിക്ക് യാതൊരു അവകാശവുമില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ്. വി. ഗംഗാപുര്‍വാലയുടെ നിര്‍ദേശാനുസരണം ബാലാജിയെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള തിയ്യതി നിശ്ചയിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കാമെന്നും ജസ്റ്റിസ് പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ ഇ. ഡി. അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നാണ് സെന്തില്‍ ബാലാജിയുടെ ഭാര്യ ഹേബിയസ് കോര്‍പ്പസില്‍ ആരോപിച്ചിരുന്നത്. ബാലാജിയെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയില്‍ ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചിരുന്നത്. തമിഴ്‌നാട് എക്‌സൈസ് മന്ത്രിയായിരുന്ന ബാലാജിയെ കഴിഞ്ഞ മാസമാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഇ. ഡി. കസ്റ്റഡിയിലെടുത്തത്.

Latest News