വയനാട് ജില്ലയിലെ മാനന്തവാടി ചോയിമൂല മാവുങ്കണ്ടി കൈപ്പാട്ടുവീട്ടിൽ ആഹഌദത്തിന്റെ തിരയടിയടങ്ങുന്നില്ല. ഓടിട്ട ആ കുഞ്ഞുവീടിന്റെ മുറ്റത്ത് പിച്ചെവച്ച പെൺകുട്ടി ഇന്ന് രാജ്യത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുന്നു. കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മകളായ മിന്നുമണി ഉൾപ്പെടുന്ന ഇന്ത്യൻ പെൺപട ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയ ആഹഌദമാണവിടെയെങ്ങും. മിന്നുമണിയുടെ അച്ഛൻ മണിയാകട്ടെ, വീട്ടിലെത്തുന്നവർക്കെല്ലാം മധുരം പങ്കിടുന്ന തിരക്കിലാണ്. വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാന മിന്നുമണിക്ക് ക്യാപ് കൈമാറിയതു കണ്ടപ്പോൾ ആ മാതാപിതാക്കൾ സന്തോഷക്കണ്ണീരാണ് ഒഴുക്കിയത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി ട്വന്റിയിലും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഈ മലയാളി താരം. അരങ്ങേറ്റ മത്സരത്തിൽ ഓവറിലെ നാലാം പന്തിൽ ബംഗഌദേശ് ഓപണറെ മടക്കിയാണ് മിന്നു തന്റെ വരവറിയിച്ചത്. ആദ്യ മത്സരത്തിലെ മികവാണ് രണ്ടാം ട്വന്റി ട്വന്റിയിലും ഇന്ത്യയുടെ പ്‌ളെയിംഗ് ഇലവനിൽ ഇടം നേടാൻ മിന്നുമണിക്ക് സഹായകമായത്. പ്രതീക്ഷക്ക് മങ്ങലേൽപിക്കാതെ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞു. മത്സരത്തിൽ എട്ട് റൺസിന്റെ ആവേശ ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസാണ് നേടാനായത്. തുടർന്ന് മത്സരത്തിനിറങ്ങിയ ബംഗഌദേശിനെ 87 റൺസിന് ഓൾ ഔട്ടാക്കിയാണ് ഇന്ത്യ തകർപ്പൻ ജയം കരസ്ഥമാക്കിയത്.
മൂന്നു പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ അഞ്ച് റൺസാണ് മിന്നുമണി നേടിയത്. നേരിട്ട ആദ്യ പന്താകട്ടെ, ബൗണ്ടറിയും കടത്തി. ഓൾറൗണ്ടറാണെങ്കിലും ബാറ്റിംഗിനേക്കാൾ ബൗളിംഗിലായിരുന്നു തിളങ്ങിയത്. നാലോവറിൽ രണ്ട് വിക്കറ്റും ഒരു മെയ്ഡനും, വഴങ്ങിയതാകട്ടെ വെറും ഒൻപത് റൺസ്. അതാണ് മിന്നുമണി.
കൊയ്‌തൊഴിഞ്ഞ പാടത്തുനിന്നും ഇന്ത്യൻ ജഴ്‌സിയിലേയ്ക്കുള്ള യാത്രയാണ് മിന്നുമണിയുടേത്. സ്‌കൂൾ പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ അവൾ കൂട്ടുകാരോടൊപ്പം കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ കളിക്കാനായി ഓടി. പാട വരമ്പിൽനിന്നാണ് മിന്നുമണി ഐ.പി.എല്ലിന്റെ ബൗണ്ടറി ലൈനിലെത്തിയത്.
ഹൈസ്‌കൂൾ കഌസിലെത്തിയപ്പോഴായിരുന്നു മിന്നുവിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. സ്‌കൂളിലെ കായിക അധ്യാപികയാണ് മിന്നുവിലെ ക്രിക്കറ്റ് താരത്തെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. പെൺകുട്ടികൾക്കും ക്രിക്കറ്റ് ടീമുള്ള കാര്യം അന്നാണ് മിന്നുവും അറിയുന്നത്. എന്നാൽ മിന്നുവിന്റെ അച്ഛനും അമ്മക്കും മകളെ ഒരു ക്രിക്കറ്റ് കളിക്കാരിയായി കാണാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഓട്ടം തുടർന്നാൽ മതിയെന്നായിരുന്നു അവരുടെ തീരുമാനം. എന്നാൽ ടീച്ചറുടെ സമ്മർദങ്ങൾക്ക് വഴങ്ങി ഒടുവിൽ അവർ സമ്മതം മൂളുകയായിരുന്നു. തുടർന്നാണ് ക്രിക്കറ്റ് പരിശീലനം നൽകിത്തുടങ്ങിയത്.
ഇടംകൈയൻ ബാറ്റിംഗിനൊപ്പം ഓഫ്‌സ്പിന്നർ കൂടിയായ മിന്നുവിന്റെ ക്രിക്കറ്റ് യാത്രയും അത്ര എളുപ്പമായിരുന്നില്ല. സ്‌കൂൾ ടീമിൽനിന്നും വയനാട് ജില്ലാ അണ്ടർ 13 ക്രിക്കറ്റ് ടീമിലേക്കും അവിടെനിന്നും സംസ്ഥാന ടീമിലേക്കും അവൾ തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ ജൂനിയർ ഗേൾസ് സ്‌റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുകയായിരുന്നു. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലായിരുന്നു പരിശീലനം. വീട്ടിൽനിന്നും ഒന്നര മണിക്കൂറോളമുള്ള യാത്ര. മൂന്നു ബസുകൾ മാറിക്കയറണം. രാവിലെ ആറു മണിക്ക് പരിശീലനം ആരംഭിക്കും. അന്നൊക്കെ പുലർച്ചെ നാലു മണിക്ക് എഴുന്നേൽക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തയാറാക്കാനായി അമ്മയെ സഹായിച്ച ശേഷം കുളിയും കഴിഞ്ഞ് ക്രിക്കറ്റ് കിറ്റും ഭക്ഷണപ്പൊതിയുമെല്ലാമെടുത്ത് ഒരു ഓട്ടമാണ്. അഞ്ചു മണിക്ക് വീട്ടിൽനിന്നും ഇറങ്ങിയാൽ പോലും ഓടിക്കിതച്ച് ഗ്രൗണ്ടിലെത്തുമ്പോഴേയ്ക്കും പരിശീലനം തുടങ്ങിയിരിക്കും.
ഒൻപതാം തരവും പത്താം തരവും തൊടുപുഴ അക്കാദമിയിലായിരുന്നു പഠിച്ചത്. പ്‌ളസ് ടുവിന് അക്കാദമിയുടെ കീഴിൽ വയനാട്ടിൽ തന്നെയായിരുന്നു പഠനം. ബിരുദ പഠനം കേരള ക്രിക്കറ്റ് അക്കാദമിയുടെ കീഴിൽ തിരുവനന്തപുരത്ത്. കേരള വിമൻസ്, ഇന്ത്യ വിമൻ ബ്‌ളു, ഇന്ത്യ എ ടീമിലും കളിച്ച മിന്നു, ഹൈദരാബാദിൽ നടന്ന ഇന്റർസോൺ ടൂർണമെന്റിൽ സൗത്ത് സോണിനു വേണ്ടിയും ജഴ്‌സിയണിഞ്ഞു. ഇതിനിടയിലായിരുന്നു ദൽഹി ക്യാപിറ്റൽസിലേക്കുള്ള സ്വപ്‌നതുല്യമായ യാത്രക്ക് അവസരം ലഭിച്ചത്.
ഏഴാം കഌസ് വരെ വീട്ടിൽനിന്നും നാലു കിലോമീറ്റർ നടന്നാണ് മാനന്തവാടിയിലെ സ്‌കൂളിലെത്തിയിരുന്നത്. അന്നൊന്നും വീട്ടിൽ ടി.വി ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ അടുത്ത വീട്ടിൽ പോയാണ് കളി കണ്ടിരുന്നത്. കളി കാണാതിരിക്കാൻ മനസ്സനുവദിക്കില്ല. കളി കഴിയുമ്പോഴേക്കും രാത്രി വൈകും. ഒടുവിൽ അമ്മ കുടുംബശ്രീയിൽ നിന്ന് ലോണെടുത്താണ് വീട്ടിൽ ടി.വി വാങ്ങിയത്.
ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം ചെറിയൊരു തുടക്കമാണെന്നാണ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച മിന്നുമണിയുടെ അഭിപ്രായം. ടീമിലെ സ്ഥിര സാന്നിധ്യമാകണമെന്നാണ് ആഗ്രഹമെന്നും എല്ലാ ക്രിക്കറ്ററെയും പോലെ ലോകകപ്പ് കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ഈ വയനാട്ടുകാരി വെളിപ്പെടുത്തുന്നു. ലോകകപ്പ് ടീമിൽ ഇടം നേടുകയാണ് ഇനിയുള്ള സ്വപ്നം. എങ്കിലും ട്വന്റി ട്വന്റി കളിക്കാനാണ് കൂടുതൽ താൽപര്യം. കളിക്കിടയിൽ പൊടുന്നനെ മാറ്റം വരുമെന്നതാണ് ട്വന്റി ട്വന്റിയുടെ പ്രത്യേകത. സമ്മർദ സാഹചര്യങ്ങളിൽ പന്തെറിയാനാണ് ഇഷ്ടം. ഒന്നുരണ്ട് ഓവർ എറിഞ്ഞ് കളി ടൈറ്റാക്കി കഴിഞ്ഞാൽ ജയിക്കാനുള്ള സാധ്യത ട്വന്റി ട്വന്റിയിലുണ്ടെന്നും മിന്നുമണി കണ്ടെത്തുന്നു. ഓൾ റൗണ്ടർ എന്നത് ഒരു അഡ്വാന്റേജാണെന്നും സെലക്ഷനുകളിൽ ആൾറൗണ്ടർമാരെയാണ് കൂടുതലും പരിഗണിക്കുന്നതെന്ന കണ്ടെത്തലുമാണ് മിന്നുമണിക്ക് തുണയായത്.