ന്യൂദല്‍ഹി - യമുനാ നദിയില്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും ദല്‍ഹിയില്‍ പ്രളയ ഭീതി മാറിയില്ല. ആറ് ജില്ലകള്‍ വെള്ളത്തിനടിയിലാണ്. കരകവിഞ്ഞൊഴുകിയ യമുനാ നദിയില്‍ ഇന്നലെ രാത്രിയോടെ ചെറിയ നിലയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വെള്ളം കയറിയ മേഖലകളില്‍ നിന്ന് ഇപ്പോഴും വെള്ളം പിന്‍വലിഞ്ഞിട്ടില്ല. വെള്ളത്തില്‍ മുങ്ങിയ ആറ് ജില്ലകളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണത്തിനും നിയന്ത്രണങ്ങളുണ്ട്. എന്‍ ഡിആര്‍ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ജനം പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ ഫോണില്‍ വിളിക്കുകയും അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.