Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ഐക്യത്തിന് പിന്തുണ കൂടുന്നു; ബംഗളൂരു യോഗത്തില്‍ 24 പാര്‍ട്ടികള്‍

ന്യൂദല്‍ഹി- ഈ മാസം 17, 18 തീയതികളില്‍ ബംഗളുരുവില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് കൂടുതല്‍ പാര്‍ട്ടികള്‍ക്ക് ക്ഷണം. കേരളത്തില്‍ നിന്നുള്ള മുസ് ലിം ലീഗ്,കേരള കോണ്‍ഗ്രസ്സ് (മാണി), കേരള കോണ്‍ഗ്രസ്സ് (ജോസഫ്), ആര്‍ എസ് പി ഉള്‍പ്പെടെയുള്ള എട്ട് പാര്‍ട്ടികളെക്കൂടിയാണ് കോണ്‍ഗ്രസ്സ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എം ഡി എം കെ, കെ ഡി എം കെ, വിസികെ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരാണ് പുതുതായി ക്ഷണിക്കപ്പെട്ടിരിക്കുന്ന മറ്റ് പാര്‍ട്ടികള്‍. ഇതോടെ ബംഗളരുവിലെ യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ എണ്ണം 24 ആയി ഉയരും. പറ്റ്‌നയില്‍ നടന്ന ആദ്യ യോഗത്തില്‍ 16 പാര്‍ട്ടികളെ ക്ഷണിച്ചിരുന്നുവെങ്കിലും 15 പാര്‍ട്ടികളാണ് പങ്കെടുത്തത്.  കുടുംബ ചടങ്ങുകള്‍ കാരണം ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ മാസം 17ന് നടക്കുന്ന അത്താഴ വിരുന്നോടെയാകും രണ്ടാമത്തെ യോഗം ആരംഭിക്കുക. അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. അതേസമയം, ദല്‍ഹി സര്‍വീസ് ഓര്‍ഡിനന്‍സില്‍ പരസ്യ നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസ്സിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച്  യോഗത്തില്‍ നിന്ന് വിട്ട്‌നില്‍ക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബി ജെ പിക്കെതിരെയുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്സിന് ഇരട്ടത്താപ്പാണെന്നും എഎപി നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍,  എഎപി അനുനയിപ്പിച്ച് യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ദല്‍ഹി ഓര്‍ഡനന്‍സ് വിഷയത്തില്‍ പാര്‍ലിമെന്റിലാണ് നിലപാട് സ്വീകരിക്കേണ്ടത്. പാര്‍ലിമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ബംഗളുരുവിലെ യോഗം പ്രതിപക്ഷ സഖ്യത്തിന്റെ കൂടുതല്‍ ഘടനപരമായ യോഗമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമിനിമം പരിപാടി സംബന്ധിച്ച കുടുതല്‍ വ്യക്തത ഈ യോഗത്തില്‍ ഉണ്ടാകും. എന്നാല്‍ പൊതു മിനിമം പരിപാടിയുടെ നേതൃപരമായ ചുമതല വഹിച്ചിരുന്ന എന്‍ സി പി നേതാവ് ശരദ് പവാര്‍ പാര്‍ട്ടിയിലെ  പിളര്‍പ്പുമായി ബന്ധപ്പെട്ട തിരക്കുകളില്‍ അയിരുന്നതിനാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ എത്രമാത്രം മുന്നോട്ടുപോയി എന്ന് വ്യക്തമല്ല. എന്നാല്‍, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ക്ക് ഈ യോഗത്തില്‍ രൂപം നല്‍കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം ബിജെപിക്കെതിരെ  പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുമെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതുപോലെ യോഗം  നടക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.

 

Latest News