മുംബൈ - വിവാഹ മോചനം നേടിയ ഭാര്യയ്ക്ക ജീവനാശം നല്കിയാല് മാത്രം പോര, അവരുടെ വളര്‍ത്തു നായ്ക്കളുടെ സംരക്ഷണത്തിനുള്ള തുകയും ഭര്‍ത്താവ് നല്‍കണമെന്ന് കോടതി വിധി. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റാണ് വിവാഹ മോചനം നേടിയ ഭാര്യയ്ക്കും അവരുടെ വളര്‍ത്തു നായക്കളുടെ പരിപാലനത്തിനുമായി പ്രതിമാസം 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടത്. സ്വകാര്യ ജീവിതത്തിലുണ്ടായ വിള്ളല്‍ വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താന്‍ കാരണമാകരുതെന്ന് വിശദമാക്കിയാണ് കോടതിയുടെ തീരുമാനം. 55 കാരിയായ സ്ത്രീയും ഭര്‍ത്താവുമാണ് വിവാഹമോചിതരായത്. 1986 ല്‍ വിവാഹിതരായ ഇവര്‍ 2021ലാണ് വിവാഹ മോചനം നേടിയത്. ഭര്‍ത്താവിനെതിരെ ഇവര്‍ ഗാര്‍ഹിക പീഡന പരാതിയും നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോശം ആരോഗ്യ സ്ഥിതിയിലുള്ള തന്നെ ആശ്രയിച്ച് മൂന്ന് റോട്ട് വീലര്‍ നായകളാണ് ഉള്ളതെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. തന്റെ ജീവനാശംവും നായകളുടെ സംരക്ഷണ ചെലവും ഉള്‍പ്പെടെ പ്രതിമാസം 70,000 രൂപ ഭര്‍ത്താവ് നല്‍കണമെന്നാണ് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍
കേസില്‍ തീരുമാനം ആകുന്നത് വരെ മാസം തോറും 50000 രൂപ നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി ഉത്തരവിടുകയായിരുന്നു.