ന്യൂദല്‍ഹി-ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. പ്രധാന നഗരങ്ങളടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ മുപ്പത്തിയേഴിലധികം പേരാണ് മരിച്ചത്. ഡല്‍ഹിയിലും കനത്ത മഴയാണ്. യമുന നദിയിലെ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ 205.33 മീറ്ററായ ജലനിരപ്പ് ഇന്ന് രാവിലെ 206.24 ആയി ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ജലനിരപ്പുയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ സ്ഥിതി അതീവ ഗുരുതരമാണ്. മണ്ണിടിച്ചിലില്‍ നാല് പേര് കൂടി കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ ഇരുപതായി. കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, ഷിംല, ബിലാസ്പൂര്‍, സിര്‍മൗര്‍, ഷിംല ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബിയാസ് നദിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാണ്ഡി ജില്ലയില്‍ കനത്ത നാശനഷ്ടമുണ്ടായി. പത്ത് മലയാളികള്‍ കൂടി ഹിമാചലില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.