ശ്രീനഗർ- നിരോധിത ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടും (ജെകെഎൽഎഫ്) ഹുറിയത്ത് കോൺഫറൻസിനും പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പത്ത് മുൻ ഭീകരരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനാൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് പോലീസ് പത്രക്കുറിപ്പിൽ പറഞ്ഞു.
ജെകെഎൽഎഫിന്റെ ചില മുൻ നേതാക്കളും മുൻ വിഘടനവാദികളും കൂടിക്കാഴ്ച നടത്തിയെന്ന വിശ്വസനീയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീനഗറിലെ ഒരു ഹോട്ടലിൽ തിരച്ചിൽ നടത്തിയതായി നേരത്തെ ശ്രീനഗർ പോലീസ് ട്വീറ്റ് ചെയ്തിരുന്നു.
അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യാനായി കോത്തിബാഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
അറസ്റ്റിലായവരും മറ്റുള്ളവരും ചേർന്ന് ജെകെഎൽഎഫ്, ഹുറിയത്ത് സംഘടനകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചത് പാക്കിസ്ഥാനിൽനിന്നുള്ള നിർദ്ദേശപ്രകാരമാണെന്ന് പോലീസ് പറയുന്നു.