ഏക വ്യക്തി നിയമം മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്ന് ജംഇയ്യത്ത്

ന്യൂദല്‍ഹി- ഏക സിവില്‍കോഡ് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്. ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് നിയമ കമ്മീഷനെ അറിയിച്ച അഭിപ്രായത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം വ്യക്തി നിയമപ്രകാരം കുടുംബ പരിപാലനത്തിന്റെ  മുഴുവന്‍ ഉത്തരവാദിത്തവും ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവിന്റെ ചുമതലയാണ്.
സമത്വ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഒരു നിയമം അവതരിപ്പിച്ചാല്‍ മാതാവ് അല്ലെങ്കില്‍ ഭാര്യയും അത് തുല്യമായി പങ്കിടേണ്ട സാഹചര്യമുണ്ടാകുമെന്ന് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് വ്യക്തമാക്കി. കൂടാതെ മുസ്‌ലിം വ്യക്തിനിയമപ്രകാരം  വിവാഹമോചനം, ഭര്‍ത്താവിന്റെ മരണം എന്നീ സാഹചര്യങ്ങളില്‍  കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടികളുടെ സംരക്ഷണഭാരം പിതാവ് , പിതൃപിതാവ്, പിതൃസഹോദരന്‍, പുത്രന്‍മാര്‍ എന്നിവര്‍ക്കാണ്. ഏക സിവില്‍കോഡ് ഇതിന്റെ ഭാരം സ്ത്രീകള്‍ കൂടി വഹിക്കേണ്ട സ്ഥിതി വിശേഷമുണ്ടാക്കും. മുസ്‌ലിം വ്യക്തിനിയമപ്രകാരം പുരുഷന്‍ വിവാഹസമയത്ത് മഹര്‍ നല്‍കണം. ഏക സിവില്‍ കോഡ് ഇത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കും.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള വ്യക്തികളുടെയും മതവിഭാഗങ്ങളുടെയും അവകാശങ്ങളെ ബാധിക്കുന്നതായിരിക്കും ഏക സിവല്‍ കോഡ്. സാമൂഹിക ഘടനയുടെ അടിസ്ഥാന സവിശേഷതയായ വൈവിധ്യത്തെ ബാധിക്കുകയും രാജ്യത്തിന്റെ ദേശീയ അഖണ്ഡതയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് നിയമ കമ്മീഷന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

 

Latest News