കൊച്ചി- പല രാജ്യങ്ങളിലും ക്രിപ്റ്റോ കറൻസി നിയമവിരുദ്ധമായ ധനവിനിയോഗമായി തുടരുമ്പോഴും അതിന്റെ വിലയിലുണ്ടാകുന്ന കുതിപ്പ് കണ്ണഞ്ചിപ്പിക്കുന്നതും സാമ്പത്തിക വിദഗ്ധരുടെ കണ്ണു തള്ളിക്കുന്നതുമാണ്. ക്രിപ്റ്റോ കറൻസികളിലെ രാജാവായ ബിറ്റ് കോയിന്റെ മൂല്യം 2023 ജനുവരിയിൽ 16,625.08 ഡോളറായിരുന്നെങ്കിൽ (ഏകദേശം 13.50 ലക്ഷം) ഇന്നലെ 30,222.40 യു.എസ് ഡോളറാണ് (24.96 ലക്ഷം രൂപ). 2011 ന്റെ തുടക്കത്തിൽ ഒരു ബിറ്റ് കൊയ്ൻന്റെ മൂല്യം വെറും 0.30 ഡോളർ മാത്രമായിരുന്നു. അതാണ് ഇന്ന് 30,222 ഡോളറിലെത്തിയിരിക്കുന്നത്.
0.30 ഡോളറിൽ നിന്ന് ബിറ്റ് കോയിന്റെ മൂല്യം വളർന്നത് വലിയ ഉയർച്ച താഴ്ചകളിലൂടെയാണ്. 2011 ൽ ക്രമേണ 15 ഡോളറിലേക്ക് ഉയർന്നെങ്കിലും വർഷാവസാനം രേഖപ്പെടുത്തിയ മൂല്യം ഏകദേശം 3 ഡോളറായിരുന്നു. 2012 അവസാനത്തോടെ ബിറ്റ് കോയിൻ 12.56 ഡോളറായി ഉയർന്നു. 2013 നവംബറോടെ ഇത് 198.51 ഡോളറിലെത്തി. മാസാവസാനമായപ്പോൾ മൂല്യം 946.92 ലേക്ക് കുതിച്ചു. 2016 ലും 2017 ലും മൂല്യം ക്രമാനുഗതമായി ഉയർന്നുകൊണ്ടിരുന്നു.
2017 ന്റെ അവസാനം വലിയ കുതിച്ചുചാട്ടമുണ്ടായെങ്കിലും 2018 ൽ വില ഇടിഞ്ഞു. 2019 ൽ വീണ്ടും ഉയർന്നു. 2020 ലും 2021 ലും ബിറ്റ് കോയിന്റെ മൂല്യം ശരവേഗത്തിലാണ് കുതിച്ചത്; കോവിഡ് മഹാമാരിക്ക് തൊട്ടു മുൻപ് 2021 ഏപ്രിൽ 14 ന് ഒരു ബിറ്റ് കോയിന്റെ മൂല്യം എക്കാലത്തെയും ഉയർന്ന നിരക്കായ 64,863.10 ഡോളറിലെത്തി (ഏകദേശം 53 ലക്ഷം രൂപ).
2022 ൽ ഉടനീളം കുത്തനെ ഇടിഞ്ഞ ബിറ്റ് കോയിന്റെ മൂല്യം 2023 ജനുവരിയിൽ 16,625.08 ഡോളറിലെത്തി. മെയ് മാസത്തോടെ 28,091.57 ഡോളറിലേക്കും ജൂൺ മാസത്തിൽ 30,396.40 ഡോളറിലേക്കും (ഏകദേശം 25 ലക്ഷം രൂപ) കുതിച്ചു. അവിടെ നിന്ന് നേരിയ താഴ്ചയിലാണ് ഇപ്പോൾ ബിറ്റ് കോയിൻ വിൽപന നടക്കുന്നത്.
ഇപ്പോൾ 2 ലക്ഷം കോടി ഡോളറിലധികം വിലമതിക്കുന്ന ഒരു വിപണിയാണ് ക്രിപ്റ്റോ കറൻസിക്ക് ഉള്ളത്. എന്നാൽ ക്രിപ്റ്റോ കറൻസി നിയമപരമാക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ വികസിത രാഷ്ട്രങ്ങളെല്ലാം ക്രിപ്റ്റോ ട്രേഡിംഗിനോട് മുഖംതിരിച്ചു നിൽക്കുകയാണ്.