തൃശൂര്‍- ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌കറിയയെയും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. വളരെ മോശമായാണ് കോണ്‍ഗ്രസിനെ ഷാജന്‍ സ്‌കറിയ ചിത്രീകരിച്ചിരുന്നതെന്നും മറുനാടനെതിരെ ശക്തമായ നടപടി വേണമെന്നണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മറുനാടനെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയാണ്.
കോണ്‍ഗ്രസിനെ പൊതു സമൂഹത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ വിഷ്വല്‍സ് മറുനാടന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും മറുനാടനെ ന്യായീകരിക്കാന്‍ സാധിക്കില്ല. അത്ര മോശമായാണ് കോണ്‍ഗ്രസിനെ ചിത്രീകരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഞങ്ങളെല്ലാവരുടെയും ജീവാത്മാവും പരമാത്മാവുമാണ് രാഹുല്‍ ഗാന്ധി. ആ രാഹുല്‍ ഗാന്ധിയെ പൊതു സമൂഹത്തില്‍ അപമാനിച്ച ആളാണ് മറുനാടനും ഷാജന്‍ സ്‌കറിയയും. മറുനാടനെതിരെ ശക്തമായ നടപടി വേണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇപ്പോള്‍ അദ്ദേഹം ഒളിവില്‍ പോയിരിക്കുന്നത് ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയിലാണ്. ഒരു മനുഷ്യനെ വിമര്‍ശിക്കാം. ആ മനുഷ്യന്റെ ജാതിയെയും മതത്തെയും അപമാനിക്കുന്ന സമീപനം ആര് നടത്തിയാലും അത് വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല-അദ്ദേഹം പറഞ്ഞു.
മറുനാടന്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും മുസ്‌ലിം സമുദായത്തെ ഒറ്റത്തിരിഞ്ഞ് ആക്രമിച്ചുവെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
സംഘി സ്വരമുള്ളതാണ് ഷാജന്‍ സ്‌കറിയയുടെ പ്രസ്താവന. മറുനാടന്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചുവരികയാണ്. മുസ്‌ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ മുസ്‌ലിം സമുദായത്തെ തീവ്രവാദികള്‍ ആക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ അസ്ഥിത്വത്തെയും വ്യക്തിത്വത്തെയും വിശ്വാസ പ്രമാണങ്ങളെയും വെല്ലുവിളിക്കുന്ന രീതിയില്‍ അപകടകരമായ ചില സമീപനങ്ങളാണ് മറുനാടന്‍ ഷാജന്‍ സ്‌കറിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. അത് കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നയിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനത്തിന് തുല്യമാണ്.
ഷാജന്‍ സ്‌കറിയയുടെയും മറുനാടന്റെയും ആ സമീപനത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ സിംഹ ഭാഗവും സ്വന്തം മതവും സ്വന്തം ആശയവും സ്വന്തം ആദര്‍ശവും പ്രകടിപ്പിക്കുന്നതില്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നവരാണ്. എല്ലാ പ്രസ്ഥാനങ്ങളും എല്ലാ മതങ്ങളും എല്ലാ സമുദായങ്ങളും ഇത്തരത്തിലാണ്. അവിടെ മറുനാടന്‍ കാണിക്കുന്നത് അപകടകരമായ പ്രവണതയാണ്, അതിനെ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല- ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് എതിര്‍പ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞിരുന്നു.