ബംഗളൂരു- കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ശിവാജിനഗര്‍ പ്രദേശത്തെ പള്ളിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് എര്‍ജന്‍സി നമ്പറില്‍ വിളിച്ച് അറിയിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര സ്വദേശി സയ്യിദ് മുഹമ്മദ് അന്‍വര്‍ (37) ആണ് അറസ്റ്റിലായത്.
പള്ളികള്‍ സന്ദര്‍ശിച്ച് മദ്രസകള്‍ക്കായി പിരിവ് നടത്തുന്നയാളാണ് അന്‍വറെന്ന് പോലീസ് പറഞഅഞു. ബംഗളൂരുവിലെ ശിവാജിനഗര്‍ പ്രദേശത്തെ റസല്‍ മാര്‍ക്കറ്റിന് സമീപമുള്ള അസം പള്ളിയില്‍ നിന്ന് പ്രതി സംഭാവന ശേഖരിച്ചിരുന്നു. ഇതേ പള്ളിയില്‍ രാത്രി ഉറങ്ങുന്നതിന് സമ്മതം ചോദിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ഇതിലും ക്ഷുഭിതനും അസ്വസ്ഥനുമായ അന്‍വര്‍ ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലേക്ക് ബസ് കയറി. ദേവനഹള്ളി കടക്കുമ്പോഴാണ് മസ്ജിദില്‍ ഭീകരര്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 122 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് അറിയിച്ചത്.
ജൂലൈ അഞ്ചിന് രാത്രി വൈകിയാണ് സംഭവം. ഇത് നാട്ടുകാരിലും പോലീസിലും പരിഭ്രാന്തിയും സംഘര്‍ഷവും സൃഷ്ടിച്ചിരുന്നു. രാത്രി വൈകിയും തിരച്ചില്‍ നടത്തുകയും ചെയ്തു. ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി സര്‍വീസ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെരച്ചില്‍ നടത്തിയതാണ് വ്യാജ കോളാണെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തില്‍ കേസെടുത്ത ശിവാജിനഗര്‍ പോലീസ് കുര്‍ണൂലില്‍ നിന്ന് മെഹബൂബ് നഗറിലേക്ക് പോയ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി ബി.എസ്‌സി ബിരുദധാരിയാണെന്നും എന്നാല്‍ തൊഴില്‍ രഹിതനാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
മദ്രസകള്‍ക്ക് സംഭാവന പിരിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.