കൊട്ടാരക്കര-ആര്‍ എസ് എസ് വിടാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി അഖില്‍ മാരാര്‍. രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞ് ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. താന്‍ ശാഖയില്‍ പോയതിനെക്കുറിച്ചും ആര്‍ എസ് എസ് വിടാനുണ്ടായ കാരണത്തെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് കോട്ടയായിട്ടുള്ള നാടാണ് എന്റേത്. ഞാന്‍ പഠിച്ച സ്‌കൂളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വന്നിങ്ങനെ വിപ്ലവം പറഞ്ഞ് ക്ലാസെടുക്കുന്നത് ഞാന്‍ ശ്രദ്ധിക്കും. തലച്ചോര്‍ പോലും ഉദിച്ചിട്ടില്ലാത്ത ഈ കുട്ടികള്‍ക്ക് എന്ത് ക്ലാസാണ് ഇവരെടുക്കുന്നതെന്ന് ഞാന്‍ വിചാരിക്കും. വരും തലമുറയോട് ചെയ്യുന്ന ക്രൂരതയല്ലേ. ഇത് ഞാന്‍ കെ എസ് യുവിലും കണ്ടിട്ടില്ല. ബി ജെ പിയിലും കണ്ടിട്ടില്ല.
കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പ് ഞാന്‍ ആര്‍ എസ് എസിന്റെ ശാഖയില്‍ പോയിട്ടുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍. കൊട്ടാരക്കരയില്‍ വലിയൊരു പരിപാടി ആര്‍ എസ് എസ് പ്ലാന്‍ ചെയ്തു. എന്റെയൊരു സുഹൃത്തിനെക്കൊണ്ട് ശ്രീരാമന്റെ പടം വരയ്ക്കാന്‍ ഇവനെ ഏല്‍പ്പിച്ചു. കക്ഷിയുടെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍ എസ് എസ് നേതാക്കന്മാരിലൊരാള്‍ ഒരു കാര്യവുമില്ലാതെ അവന്റെ കൊന്തയില്‍ പിടിച്ചു, അവന്‍ ഹിന്ദുവാണല്ലോ, ഇതൊക്കെ എന്തിനാടെ കഴുത്തിലിട്ട് നടക്കുന്നത്, എടുത്ത് കളയടാ എന്ന് പറഞ്ഞു. അത് തന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല. വീടിനകത്ത് കയറിയപ്പോള്‍, എല്ലാ ദൈവങ്ങളുടെ പടങ്ങളുമുണ്ട്. ഇദ്ദേഹത്തിന്റെ സംസാരം എനിക്ക് പിടിച്ചില്ല. ഞാന്‍ പറഞ്ഞത് എല്ലാ ആര്‍ എസ് എസുകാരും കുഴപ്പക്കാരെന്നല്ല. ആ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഞാന്‍ ആര്‍ എസ് എസ് വിട്ടത്. എനിക്ക് മനുഷ്യനെ മനുഷ്യനായി കാണാനേ പറ്റൂ. എന്നെ സംബന്ധിച്ച് മതവും ജാതിയുമൊന്നുമില്ല. കബഡി കളിയും മറ്റും കണ്ടത് കൊണ്ടാണ് ഞാന്‍ പോയത്. സ്പോര്‍ട്‌സ്മാനായിരുന്നു-അഖില്‍ മാരാര്‍ വ്യക്തമാക്കി.