സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കി സിനിമ നിര്‍മ്മിച്ചത് സഞ്ജയ് ദത്തിനെ വെള്ളപൂശാനാണോ എന്നും ആര്‍.എസ്.എസ് ചോദിച്ചു. അറിയപ്പെടുന്ന വിഷയലമ്പടനും മയക്കുമരുന്ന് അടിമയുമാണ് നടന്‍. എന്ത് സന്ദേശമാണ് ഈ സിനിമ നല്‍കുന്നതെന്നും ആര്‍.എസ്.എസ് ചോദ്യമുന്നയിച്ചു. ബോളിവുഡ് താരങ്ങളായ സുനില്‍ ദത്തിന്റേയും നര്‍ഗീസ് ദത്തിന്റെയും മകന്‍ കൂടിയായ സഞ്ജയ് ദത്തിന് റോള്‍ മോഡലാക്കാനുള്ള എന്ത് ഗുണമാണുള്ളതെന്ന് ആര്‍.എസ്.എസ് മാസിക പാഞ്ചജന്യ ചോദിച്ചു. പണം മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ധാര്‍മ്മികത തകര്‍ക്കുമെന്നും പാഞ്ചജന്യ കൂട്ടിച്ചേര്‍ത്തു. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും നിരവധി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന നടനാണ് ഇദ്ദേഹം,
സഞ്ജുവിന്റെ സംവിധായകനായ രാജ് കുമാര്‍ ഹിരാനിയുടെ മുന്‍ ചിത്രമായ പി.കെയ്ക്ക് എതിരെയും ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പി.കെയ്ക്ക് പിന്നാലെ സഞ്ജുവും ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പുകഴ്ത്താനും മാത്രം എന്ത് മഹത്തായ കാര്യങ്ങളാണ് സഞ്ജയ് ദത്ത് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി ചിത്രത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.