മുംബൈ- ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ആദിപുരുഷ് സിനിമയിലെ സംഭാഷണ രചയിതാവ് മനോജ് മുന്‍തീഷര്‍ പരസ്യമായി മാപ്പു പറഞ്ഞു. ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വിവാദത്തിലായ ചിത്രമാണ് ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷ്. മോശം ഗ്രാഫിക്‌സിന്റെയും സംഭാഷണങ്ങളുടെയും പേരിലാണ് ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്. ആദ്യദിനം പ്രേക്ഷകര്‍ ഇരച്ചുകയറിയെങ്കിലും പിന്നീട് ചിത്രത്തിന് വളരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്.
ഇപ്പോള്‍ ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരില്‍ നിരുപാധികം മാപ്പുപറഞ്ഞിരിക്കുകയാണ് ആദിപുരുഷിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്‍തഷീര്‍. മാപ്പ് പറയുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയിലാണ് പങ്കുവെച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ഞാന്‍ സമ്മതിക്കുന്നു. നിങ്ങളോട് കൈകള്‍കൂപ്പി നിരുപാധികം ക്ഷമ ചോദിക്കുകയാണ്. പ്രഭു ബജ്‌റംഗ് ബലി നമ്മെ ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കാന്‍ അനുഗ്രഹിക്കട്ടെ. നമ്മുടെ പവിത്രമായ സനാതന ധര്‍മ്മത്തെയും മഹത്തായ രാഷ്ട്രത്തേയും സേവിക്കാന്‍ ശക്തി നല്‍കട്ടെ- മനോജ് മുന്‍തഷീര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
രാമായണ കഥയെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസാണ് രാമനായി വേഷമിട്ടത്. ജൂണ്‍ പതിനാറിനാണ് ആദിപുരുഷ് തിയറ്ററുകളിലെത്തിയത്. മോശം വിഎഫ്എക്‌സിന്റെയും സംഭാഷങ്ങളുടെയും പേരില്‍ ഇപ്പോഴും ചിത്രം വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്. സിനിമ കാണാന്‍ ഹനുമാന്‍ വരുമെന്ന് ചൂണ്ടിക്കാട്ടി എല്ലാ തിയറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രസ്താവന നടത്തിയും തിയറ്ററുകളില്‍ പൂജ ചെയ്തും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിനെതിരെ റിലീസായതിനുശേഷം ഹിന്ദുത്വ സംഘടനകള്‍ തന്നെയാണ് രംഗത്തുവന്നത്. പുരാണ കഥാപാത്രങ്ങളെ വികലമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ രാഷ്ട്ര പഥം എന്ന സംഘടന ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരുന്നു.