ന്യൂദല്‍ഹി- ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള റാലിയില്‍ ഖാലിസ്ഥാനികള്‍ യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളെ 'യുദ്ധമേഖലകള്‍' ആയി പ്രഖ്യാപിച്ചു.
കാനഡയിലെയും യു.എസിലെയും യു.കെയിലെയും നിരവധി നഗരങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരും നയതന്ത്ര സ്ഥാപനങ്ങളും വലിയ ഭീഷണി നേരിടുകയാണ്. ഈ രാജ്യങ്ങളിലെ സിഖ് വിഘടനവാദികള്‍ ഖലിസ്ഥാന് പിന്തുണ ശേഖരിക്കുന്നതിനും ഫണ്ട് സ്വരൂപിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'ഇന്ത്യയെ കൊല്ലുക' എന്ന പ്രതിഷേധ റാലികള്‍ക്കായി തയാറെടുക്കുകയാണ്.
ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ തീവ്രവാദിയും എസ്എഫ്‌ജെ കണ്‍വീനറുമായ ജി എസ് പന്നുവിനെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാനഡ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നിയമ നിര്‍വഹണ ഏജന്‍സികള്‍ പൂര്‍ണസംരക്ഷണം നല്‍കിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് കാനഡ പ്രതിഷേധത്തെ ന്യായീകരിക്കുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സുരക്ഷ നല്‍കിയെങ്കിലും മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെ പരസ്യമായി ലക്ഷ്യമിടുന്ന റാലികളുടെ തീവ്രവാദി സംഘാടകര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നിരന്തരമായ പ്രചാരണങ്ങള്‍ക്കും ഈ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം പാളം തെറ്റുമെന്ന ഭീഷണിക്കും ശേഷം ഈ രാജ്യങ്ങളിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും ഇന്ത്യന്‍ നയതന്ത്ര പരിസരങ്ങള്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ചാനലുകള്‍ വഴി ഇന്ത്യ ഇതിനകം തന്നെ യുഎസ്, കനേഡിയന്‍, യുകെ സര്‍ക്കാരുകള്‍ക്കൊപ്പം തീവ്രവാദി പന്നുവിന്റെ കേസ് ഏറ്റെടുത്തിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷാ ഏജന്‍സികളില്‍നിന്ന് പന്നുവിന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ഖലിസ്ഥാന്‍ വിഷയം ഇന്ത്യയ്ക്കെതിരായ സ്വാധീനമായി ഉപയോഗിക്കുന്നുവെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് വിശ്വസിക്കുന്നു. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളോട് ഇന്ത്യന്‍ ഏജന്‍സികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഈ വിഷയം ഗൗരവത്തില്‍ ഉന്നയിച്ചിട്ടുണ്ട്.