ന്യൂദല്‍ഹി- തെക്കുകിഴക്കന്‍ ദല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷന്‍ ഏരിയയില്‍ യുവതി വീടിന്റെ ബാല്‍ക്കണയില്‍നിന്ന് വീണ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സ്ത്രീ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണതെന്ന് സംശയിക്കുന്നു. വീഴ്ചയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മസ്‌കാന്‍ എന്ന യുവതി തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വസീമിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി യുവതിയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ യുവതി വീടിന്റെ മൂന്നാം നിലയില്‍ നിന്ന് വീണതാണെന്ന് കണ്ടെത്തി. ഫഌറ്റിലെ മുറികളുടെ തറയിലും ഗോവണിപ്പടിയിലും മേല്‍ക്കൂരയിലും രക്തക്കറ കണ്ടെത്തി.
െ്രെകം ടീമും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതായും ആക്രമണത്തിന്റെയും സംഘര്‍ഷത്തിന്റെയും സൂചനകള്‍ ലഭിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കെട്ടിടത്തില്‍ ഒളിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായി. ഇയാളുടെ വസ്ത്രങ്ങളില്‍ രക്തക്കറ കണ്ടെത്തിയതായും കൈക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
20 ദിവസം മുമ്പാണ് മസ്‌കാനെ വിവാഹം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ വസീം പോലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു.
ജൂലൈ അഞ്ചിന് രാത്രി 10.30 ഓടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് വസീം ഭാര്യയെ സെറാമിക് പാത്രവും ചട്ടിയും കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്ന് ദിയോ പറഞ്ഞു. ആക്രമണത്തെ യുവതി ചെറുത്തപ്പോള്‍ പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അവള്‍ വീടിന്റെ ബാല്‍ക്കണിയിലേക്ക് ഓടി വീണതാകാമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
വീഴ്ചയുടെ കൃത്യമായ കാരണം കണ്ടെത്തി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡിസിപി പറഞ്ഞു.