Sorry, you need to enable JavaScript to visit this website.

ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരുവോളം മണിപ്പൂരില്‍ സമാധാനമുണ്ടാവില്ലെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

ഇംഫാല്‍- മുഖ്യമന്ത്രിയായി ബിരേന്‍സിങ് തുടരുന്ന കാലത്തോളം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമിനോ. മുഖ്യമന്ത്രിയാണ് കലാപത്തിന്റെ സൂത്രധാരനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ എം. പിമാരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് ആര്‍ച്ച് ബിഷപ്പ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. 

കലാപകാരികളെ നിയന്ത്രിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല.  മണിപ്പൂര്‍ രണ്ടുമാസമായി കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. ഇത് അംഗീകരിക്കാനാവില്ല. മണിപ്പൂരില്‍ ഭരണ സംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമിനോ പറഞ്ഞു. 

കൃത്യമായ ആസൂത്രണത്തോടെയാണ് മണിപ്പൂരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. മെയ്തി, കുക്കി വിഭാഗങ്ങളിലെ ക്രൈസ്തവരാണ് ആക്രമിക്കപ്പെടുന്നത്. മെയ്തി വിഭാഗം മാത്രമുള്ള മേഖലകളില്‍ പോലും ആ വിഭാഗങ്ങളിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു. ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് നിഷ്‌കളങ്കമായി കാണാനാവില്ലെന്നും മെയ്തി വിഭാഗക്കാരുടെ മാത്രം 247 പള്ളികള്‍ തകര്‍ക്കപ്പെട്ടതായും ആകെ 400ഓളം പള്ളികള്‍ തകര്‍ക്കപ്പെട്ടതായും ആര്‍ച്ച് ബിഷപ്പ് വിശദമാക്കി. 

മണിപ്പൂരില്‍ ആക്രമിക്കപ്പെടുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് സി. പി. എമ്മിന്റെ പിന്തുണ എം. പിമാര്‍ അറിയിച്ചു. രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, സി. പി. എം സംസ്ഥാന സെക്രട്ടറി ക്ഷത്രിമയൂം ശാന്ത,  ഇംഫാല്‍ വികാരി ജനറല്‍ ഫാ. വര്‍ഗ്ഗീസ് എന്നിവരാണ് ആര്‍ച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

സംഘം കെ സുന്ധരപാമിലെ ബിരഹരി കോളജില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി ക്യാമ്പില്‍ സന്ദര്‍ശനവും നടത്തി. ക്യാമ്പില്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്യുന്നില്ലെന്നും ജീവിതം പരിതാപകരമാണെന്നുമാണ് സംഘത്തോട് അഭയാര്‍ഥികള്‍ വ്യക്തമാക്കി.

Latest News