മുംബൈ- ഷാരൂഖ് ഖാന്‍ മികച്ച നടനല്ലെന്ന് പാക് നടി മഹ്നൂര്‍ ബലോച് പറഞ്ഞതിന് പിന്നാലെ ബോളിവുഡ് നടനെ ന്യായീകരിച്ച് ആരാധകര്‍ രംഗത്തെത്തി. പരമ്പരാഗത അര്‍ത്ഥത്തില്‍ ഷാറൂഖ് സുന്ദരനല്ലെന്നു പറഞ്ഞ മഹ്നൂര്‍ ബലോച് ഒരു വ്യക്തിയെ യഥാര്‍ത്ഥത്തില്‍ ആകര്‍ഷകമാക്കുന്നത് എന്താണെന്നും അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.
ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള പ്രഭാവലയവും വ്യക്തിത്വവും അയാളുടെ ശാരീരിക രൂപമല്ല നിര്‍ണ്ണയിക്കുന്നതെന്നാണ് മഹ്നൂര്‍ ബലോച്ചിന്റെ അഭിപ്രായം, ഷാരൂഖ് ഒരു വലിയ ബിസിനസുകാരനാണ്, കൂടാതെ 'സ്വയം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന്' അറിയാമെന്നും അയാള്‍ക്ക് അഭിനയം അറിയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഷാരൂഖ് ഖാന്‍ വളരെ നല്ല വ്യക്തിത്വമാണ്, എന്നാല്‍ സമൂഹത്തിന്റെ സൗന്ദര്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു വിലയിരുത്തിയാല്‍ ഷാറൂഖിനെ സുന്ദരനായി കണക്കാക്കാനാവില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രഭാവലയവും വളരെ ശക്തമാണ്. എന്നാല്‍ പ്രഭാവലയം ഇല്ലാത്ത ധാരാളം സുന്ദരികളും സുന്ദരന്മാരുമുണ്ട്, ആളുകള്‍ അവരെ ശ്രദ്ധിക്കുന്നില്ല- പാകിസ്ഥാന്‍ ടോക്ക് ഷോ ഹദ് കര്‍ദിയില്‍ അവര്‍ പറഞ്ഞു.
ഷാരൂഖിന് അഭിനയം അറിയില്ലെന്നാണ് മഹ്നൂര്‍ പറയുന്നത്. 'ഷാരൂഖ് ഖാന് അഭിനയം അറിയില്ല എന്നതാണ് എന്റെ അഭിപ്രായം. അദ്ദേഹം ഒരു മികച്ച ബിസിനസുകാരനാണ്, സ്വയം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാം. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ആരാധകരും ആളുകളും എന്നോട് വിയോജിച്ചേക്കാം, അത് കുഴപ്പമില്ല, അദ്ദേഹത്തിന് നല്ല വ്യക്തിത്വമുണ്ട്, സ്വയം നന്നായി മാര്‍ക്കറ്റ് ചെയ്യുന്നു. ഷാറൂഖിനെക്കാള്‍ എത്രയോ നല്ല അഭിനേതാക്കള്‍ ഉണ്ട്, പക്ഷെ അവര്‍ വിജയിക്കുന്നില്ല- മഹ്നൂര്‍ പറഞ്ഞു.