ന്യൂദല്‍ഹി- ട്വിറ്ററിനെ മറികടക്കാന്‍ മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് എന്ന ആപ്പ് ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കകം നിയമ പ്രശ്‌നങ്ങളില്‍. വ്യാഴാഴ്ച ആരംഭിച്ചതിന് ശേഷം ആപ്പ് ഇതിനകം 30 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നേടിയിട്ടുണ്ടെങ്കിലും ത്രെഡ്‌സ് തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കി.
ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക അവകാശങ്ങളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് എലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ അലക്‌സ് സ്പിറോ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതിയിരിക്കയാണെന്ന് സെമഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും മറ്റ് അതീവ രഹസ്യ വിവരങ്ങളിലേക്കും കടന്നു കയറിയെന്നും ഡസന്‍ കണക്കിന് മുന്‍ ട്വിറ്റര്‍ ജീവനക്കാരെ മെറ്റ നിയമിച്ചതായും കത്തില്‍ കുറ്റപ്പെടുത്തി.
ട്വിറ്റര്‍ അതിന്റെ ബൗദ്ധിക സ്വത്തവകാശം കര്‍ശനമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ ഉപയോഗിക്കുന്നതെന്ന് അടിയന്തരമായി നിര്‍ത്തണമെന്ന് അലക്‌സ് സ്പിറോ മെറ്റക്ക് എഴുതിയ കത്തില്‍ പറഞ്ഞു.
മത്സരം നല്ലതാണ്, വഞ്ചന പാടില്ല എന്നാണ് വാര്‍ത്ത ഉദ്ധരിച്ചുള്ള ട്വീറ്റിന് മറുപടിയായി മസ്‌കിന്റെ പ്രതികരണം.
അതേസമയം, ത്രെഡ്‌സിലെ എഞ്ചിനീയറിംഗ് ടീമിലെ ആരും മുന്‍ ട്വിറ്റര്‍ ജീവനക്കാരനല്ലെന്ന് മെറ്റ അവകാശപ്പെട്ടു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കയാണ് ത്രെഡ്‌സ്.
ത്രെഡ്‌സില്‍ ടെക്‌സ്റ്റും ലിങ്കുകളും പോസ്റ്റ് ചെയ്യാനും മറ്റുള്ളവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും റീപോസ്റ്റ് ചെയ്യാനുമൊക്കെ കഴിയും.