പ്രയാഗ്‌രാജ്- നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിച്ച ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചതായി 22 കാരി ട്രാന്‍സ്‌വുമണ്‍. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് ട്രാന്‍സ്‌വുമണ്‍ പോലീസില്‍ പരാതി നല്‍കിയത്. തന്നെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ പങ്കാളി നിര്‍ബന്ധിച്ചെന്നും ഏതാനും മാസങ്ങള്‍ക്ക് ശേഷം ഉപേക്ഷിച്ചെന്നുമാണ് ആരോപണം. പണം കവര്‍ന്നുവെന്നും ജാതിപരാമര്‍ശങ്ങള്‍ നടത്തി അവഹേളിച്ചെന്നും ഭര്‍ത്താവിനും പിതാവിനും അമ്മാവനുമെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു.
2016ല്‍ ഹിഷാംബാദില്‍ നിന്നുള്ളയാളുമായി പ്രണയത്തിലായത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ പ്രതി നിര്‍ബന്ധിച്ചു. അതിനുശേഷം ഏകദേശം രണ്ട് വര്‍ഷം മുമ്പ് പ്രാദേശിക ക്ഷേത്രത്തില്‍വെച്ചാണ് വിവാഹിതരായത്. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മര്‍ദങ്ങള്‍ക്കിടയിലും ഉപേക്ഷിക്കില്ലെന്ന് പ്രതി ഉറപ്പുനല്‍കിയതോടെയാണ് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങിയത്. പിന്നീട് ബന്ധം വഷളായെന്നും പ്രതി അവഗണിക്കാന്‍ തുടങ്ങിയെന്നും രണ്ടുമൂന്ന് മാസം മുമ്പാണ് ഉപേക്ഷിച്ചുതെന്നും കൗശാംബി എസ്പി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
ഭര്‍ത്താവ് ഇപ്പോള്‍ തന്റെ കോളുകള്‍ അവഗണിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. പാട്ടുപാടിയും നൃത്തം ചെയ്തും സമ്പാദിച്ച ആറുലക്ഷം രൂപ പ്രതിയുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തി ബലമായി പിടിച്ചുപറിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി എട്ട് ലക്ഷം രൂപ ചെലവഴിച്ചുവെന്നും ട്രാന്‍സ്‌വുമണ്‍ പറഞ്ഞു.
അതേസമയം, പരാതിക്കാരി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നുമാണ് പ്രതിയും കുടുംബാംഗങ്ങളും വാദിക്കുന്നതെന്ന് എസ്.പി ശ്രീവാസ്തവ പറഞ്ഞു.ശസ്ത്രക്രിയ നടത്തിയ ആശുപത്രിയുടെ വിശദാംശങ്ങള്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ നല്‍കാന്‍ പരാതിക്കാരിക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഒഴികഴിവുകള്‍ പറയുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.