ന്യൂദല്‍ഹി- മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കര്‍മ്മ ന്യൂസിനെതിരെ ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമസ്ഥാപനമായ ന്യൂസ് ലോന്‍ഡറി നല്‍കിയ മാനനഷ്ടക്കേസില്‍ ആണ് നോട്ടീസ് ലഭിച്ചത്. മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന കട്ടിംഗ് സൌത്ത് എന്ന പരിപാടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന മാനനഷ്ടക്കേസിലാണ നടപടി. ജസ്റ്റിസ് മനോജ് കുമാര്‍ ഓഹ്രിയാണ് നോട്ടീസ് നല്‍കിയത്. 30 ദിവസത്തിനകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരിപാടിയെ കുറിച്ചും അതിലെ സംഘാടകരായ ന്യൂസ് ലോന്‍ഡറി ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളെ കുറിച്ചും അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയെന്നാണ് ആരോപണം. രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. കര്‍മ്മ ന്യൂസില്‍ നിന്ന് മാപ്പപേക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഓഗസ്റ്റില്‍ വീണ്ടും പരിഗണിക്കും.മാര്‍ച്ച് 25 ന്, ന്യൂസ് ലോണ്‍ട്രി, കണ്‍ഫ്ലൂവന്‍സ് മീഡിയ എന്നിവര്‍ ന്യൂസ് മിനിറ്റിനൊപ്പം കൊച്ചിയിലെ കേരള മീഡിയ അക്കാദമിയില്‍ കട്ടിംഗ് സൗത്ത് 2023 എന്ന പേരില്‍ മാധ്യമ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കെതിരെ കര്‍മ ന്യൂസ് വ്യാപകമായ കുപ്രചരണങ്ങള്‍ നടത്തിയെന്നാണ് ആരോപണം.