പൂനെ- നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ലോകം ഇപ്പോള്‍ ഇന്ത്യക്ക് അവയുടെ പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞു.
രാജ്യത്ത് ദേശീയ ഉണര്‍വ് പ്രകടമാണെന്നും ഇന്ത്യക്ക് ബൗദ്ധിക യോദ്ധാക്കള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സന്യാസി രാംദാസ് എഴുതിയ വാല്‍മീകി രാമായണത്തിന്റെ എട്ട് വാല്യങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ദിശാബോധം കാണിക്കുന്നതിന്, ആദര്‍ശരാജാവ് ആവശ്യമാണ്. ശ്രീരാമന് ശേഷം ഛത്രപതി ശിവജി മഹാരാജിനെയാണ് അനുയോജ്യനായ രാജാവായി സമര്‍ഥ് രാംദാസ് കണക്കാക്കിയിരുന്നത്.
സമര്‍ഥ് രാംദാസിന്റെ കാലഘട്ടം അധിനിവേശങ്ങളുടെ കാലമായിരുന്നു. ഛത്രപതി ശിവാജി മഹാരാജാണ് ഈ അധിനിവേശങ്ങളോട് പ്രതികരിച്ചത്- ആര്‍എസ്എസ് മേധാവി പറഞ്ഞു.
പോരാടുക എന്നത് മതത്തെ സംരക്ഷിക്കുന്നതിന്റെ ഒരു വശം മാത്രമാണ്. മതത്തെ സംരക്ഷിക്കുക എന്നാല്‍ എതിര്‍ക്കുക, ബോധവല്‍ക്കരിക്കുക, ഗവേഷണം നടത്തുക, പ്രയോഗ വല്‍കരിക്കുക എന്നിവ കൂടിയാണെന്ന് അദ്ദേഹം ഉണര്‍ത്തി. കാലം മാറിയെങ്കിലും നമ്മള്‍ ഇപ്പോഴും സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
നമ്മള്‍ ഇപ്പോള്‍ അടിമകളല്ല, സ്വതന്ത്രരാണ്. എന്നാല്‍ നമ്മുടെ അടിമ മനോഭാവം പോയിട്ടുണ്ടോ, അധിനിവേശങ്ങള്‍ ഇന്നുമില്ലേ, നേരിട്ടുള്ള അധിനിവേശങ്ങള്‍ ഇല്ലെങ്കിലും അധിനവേശമുണ്ട്. ഒന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലും മറ്റൊന്ന് വടക്കന്‍ അതിര്‍ത്തിയിലും. തൊഴില്‍ നുഴഞ്ഞുകയറ്റത്തിന്റെ അര്‍ത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പല വിഷയങ്ങളിലും ഉത്തരം ലഭിക്കാതെ ലോകത്തിന് മടുത്തു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് കരുതുന്നത്- അദ്ദേഹം പറഞ്ഞു.