ചെന്നൈ- വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായിരുന്നു എന്നറിഞ്ഞ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തു. തര്‍ക്കത്തിനിടെയാണ് യുവാവ് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ കൊലപ്പെടുത്തിയത്. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്അറുവംപേട്ട് സ്വദേശി ചിലമ്പരശനാണ്(29) ഭാര്യ റോജയു(25) ടെ ജീവനപഹരിച്ചത്.
രണ്ട് മാസം മുമ്പ് വിവാഹിതരായവരാണ് ചിലമ്പരശനും റോജയും. വിവാഹശേഷം റോജ നാല് മാസം ഗര്‍ഭിണിയാണെന്ന് അറിയുകയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന വഴക്കിനിടെയായിരുന്നു കൊലപാതകം.
ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനായിരുന്നു. വിവാഹത്തിന് മുമ്പ് മറ്റൊരാളുമയി പ്രണയത്തിലായിരുന്ന റോജ ആ ബന്ധത്തിലാണ് ഗര്‍ഭം ധരിച്ചത്.വിവാഹത്തിനുശേഷവും റോജ ഈ ബന്ധം തുടര്‍ന്നിരുന്നെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും അറസ്റ്റിലായ ചിലമ്പരശന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.