കൊച്ചി- കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനുശേഷം ഡിലീറ്റ് ചെയ്ത വീഡിയോ പരസ്യത്തിന്റെ ഭാഗമാണെന്ന വിവരം ആരാധകരില്‍ ഒരു വിഭാഗത്തെ രോഷം കൊള്ളിക്കുന്നു. ഇതിലും വല്യ പ്രൊമോഷന്‍ സ്വപ്നങ്ങളില്‍ മാത്രമെന്ന് ചിലര്‍ കമന്റ് ചെയ്യുമ്പോള്‍ ഇനി ഇത്തരം ടെന്‍ഷനടിപ്പിക്കുന്ന പ്രമോഷന്‍ വേണ്ടാട്ടോ എന്നാണ് മറ്റുളളവര്‍ താരത്തെ ശാസിക്കുന്നത്.
ഇതല്‍പ്പം കടുത്തുപോയി ഡിക്യൂ എന്നും ആരാധകര്‍ പറയുന്നു. 'ഭീകരമായ പ്രമോഷനായി പോയി സുഹൃത്തേ. നിങ്ങള്‍ ഒരുപാട് ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു ഐക്കണാണ്, ആ ഡ്രാമ നിങ്ങളെ സ്‌നേഹിക്കുന്നവരില്‍ ആശങ്കയുണ്ടാക്കി. ആളുകളുടെ വികാരങ്ങള്‍ കൊണ്ട് കളിക്കാന്‍ പാടില്ലായിരുന്നു- ഇതാണ് ഒരു കമന്റ്.
ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ സന്ദേശം ആരാധകരെ ആശങ്കയിലാക്കിയിരുന്നു. 'കുറച്ചു ദിവസമായി ഉറങ്ങിയിട്ട്. ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങള്‍ പഴയത് പോലെ അല്ല. എന്റെ മനസ്സില്‍ നിന്നും എടുത്തു മാറ്റാന്‍ പറ്റാത്ത വണ്ണം എത്തി അത്. കൂടുതല്‍ പറയണം എന്നുണ്ട്, പക്ഷേ അനുവാദം ഉണ്ടോ എന്നറിയില്ല,' എന്നാണ് ദുല്‍ഖര്‍ പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ ദുല്‍ഖര്‍ വീഡിയോ ഡിലീറ്റ് ചെയ്തു. എന്താണ് പ്രശ്‌നമെന്നോ, എന്തിനാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നോ അറിയാത്ത ആരാധകര്‍ താരത്തിന്റെ സ്വകാര്യതയെ സംബന്ധിച്ച എന്തോ വിഷയമാണെന്ന നിഗമനത്തില്‍ വരെയെത്തിയിരുന്നു.
ഒരു പരസ്യചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് കണ്‍ഫ്യൂഷനുണ്ടാക്കുന്ന അത്തരമൊരു വീഡിയോ ദുല്‍ഖര്‍ പോസ്റ്റ് ചെയ്തതെന്നാണ് പുതിയ വിവരം. പരസ്യവുമായി ബന്ധപ്പെട്ട രണ്ടാമത്തെ വീഡിയോ താരം ഷെയര്‍ ചെയ്തിട്ടുണ്ട.്
''ഈ മൊബൈല്‍ എന്നില്‍ ചെലുത്തിയ മാന്ത്രിക ശക്തി ഞാന്‍ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷന്‍ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തില്‍ നിന്ന് എനിക്ക് രക്ഷപെടാന്‍ കഴിയുന്നില്ല,'' പരസ്യത്തില്‍ ദുല്‍ഖര്‍ പറയുന്നു.