Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യ കണ്ടത് 2750 പേര്‍; ആരും ഒന്നും ചെയ്തില്ല

ആഗ്ര- ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള അതീവ ആഗ്രഹം അഞ്ചു തവണ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ നിരാശനായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ അവസാന സന്ദേശവും അന്ത്യ നിമിഷങ്ങളും ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു കൊണ്ടായിരുന്നു ആത്മഹത്യ. 2,750ഓളം പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടെങ്കിലും യുവാവിനെ പിന്തിപ്പിക്കാന്‍ ആരും ശ്രമം നടത്തിയില്ല. ബുധനാഴ്ച രാവിലെയാണ് ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ എന്ന 24കാരന്‍ ജീവനൊടുക്കിയത്. ബിഎ്‌സ്‌സി ബിരുദധാരിയായ കുമാര്‍ തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പായി ഫേസ്ബുക്ക് ലൈവിലാണ് തന്റെ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

ആറു പേജ് വരുന്ന ഒരു ആത്മഹത്യ കുറിപ്പും കുമാര്‍ എഴുതി വച്ചിരുന്നതായി പോലീസ് കണ്ടെത്തി. കരസേനയില്‍ ചേരാനുള്ള പരീക്ഷകള്‍ ജയിക്കാന്‍ കഴിയാത്തതിനും രക്ഷിതാക്കളെ നിരാശപ്പെടുത്തിയതിനും സ്വയം പഴിച്ചാണ് കുമാര്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഭഗത് സിങിനാല്‍ പ്രചോദിതനായിരുന്നു കുമാര്‍ എന്ന് സഹോദരന്‍ വികാസ് കുമാര്‍ പറയുന്നു. മുന്ന കുമാറിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും തങ്ങള്‍ ഒന്നിച്ചാണ് അത്താഴം കഴിച്ചതെന്നും ആത്മഹത്യ ചെയ്യുമെന്ന് കുടുംബത്തിലെ ആര്‍ക്കും ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

സൈന്യത്തില്‍ ചേരാന്‍ കഴിയാതെ നിരാശനായ മുന്ന കുമാറിന് അതില്‍ നിന്നും കരകയറാന്‍ അച്ഛന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് വീടിനടുത്ത് ചെറിയൊരു കട സ്ഥാപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അച്ഛന്‍ പ്രഭു പ്രസാദ് ഡ്രൈവറാണ്.
 

Latest News