കൊച്ചി- സിനിമയില്‍ നായികയാക്കാം എന്നു വാഗ്ദാനം നല്‍കി യുവ നടിയില്‍ നിന്നു 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ. ഷക്കീറിനെയാണു (46) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ് സിനിമയില്‍ നായികയാക്കാം എന്നു പറഞ്ഞു കടമായി പണം കൈപ്പറ്റി പിന്നീട് തിരിച്ചു നല്‍കാതിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: സിനിമ നിര്‍മാതാവായ പ്രതി തൃക്കാക്കര സ്വദേശിയായ യുവ നടിയെ നായികയാക്കി 'രാവണാസുരന്‍' എന്ന തമിഴ് സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കുറച്ചു ദിവസങ്ങള്‍ക്കകം സാമ്പത്തിക പ്രയാസമുണ്ടെന്നും അതു മൂലം ഷൂട്ടിങ് മുടങ്ങുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു.
തുടര്‍ന്നു ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ 4 മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്നു കരാര്‍ എഴുതി പല തവണകളിലായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്കു നല്‍കി. പിന്നീട് ഇവരെ സിനിമയില്‍ നിന്ന് ഒഴിവാക്കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം 4 ചെക്കുകള്‍ നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി.ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും കരാര്‍ കാലാവധി കഴിയുകയും ചെയ്തപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.