ന്യൂദല്‍ഹി- സമൂഹത്തില്‍ സ്വാധീനമുള്ള നാനാതുറകളില്‍പ്പെട്ട പ്രമുഖരെ നേരിട്ട് കണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന് മറുപടിയുമായി കോണ്‍ഗ്രസും. വിവിധ വിഭാഗങ്ങളിലും പാര്‍ട്ടികളിലുമുള്ള പ്രമുഖരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ തുടങ്ങി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ സമാനമനസ്‌ക്കരുടെ പിന്തുണ കോണ്‍ഗ്രസിനു ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം പ്രമുഖരുമായും ചിന്തകരുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ബിജെപി അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും സമാനമനസ്‌ക്കരായ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബിജെപിയെ പരാജയപ്പെടുത്താനാണു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെന്നും അവരോട് രാഹുല്‍ പറഞ്ഞു.
പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, അക്കാദമിക് പണ്ഡിതന്‍ അബുസാലെ ശരീഫ്, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഫറ നഖ്‌വി, എഴുത്തുകാരി രക്ഷന്ദ ജലീല്‍, മുന്‍ ഐഎഎസ് ഓഫീസര്‍ എം. എഫ് ഫാറൂഖി, മഹ്മൂദാബാദ് രാജ അമിര്‍ മുഹമ്മദ് ഖാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, എഐസിസി ന്യൂനപക്ഷ വകുപ്പ് തലവന്‍ നദീം ജാവെദ് തുടങ്ങിയവര്‍ രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് ഏതെല്ലാം വിഷയങ്ങളാണ് ഉന്നയിക്കേണ്ടതെന്നാണ് രാഹുല്‍ പ്രധാനമായും ഇവരില്‍ നിന്ന് ആരാഞ്ഞതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, അലിഗഡ് മുസ്ലിം യുണിവേഴ്‌സിറ്റി, ഉര്‍ദു ഭാഷ തുടങ്ങിയ പതിവു വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
മുസ്ലിംകളുടെ പ്രശ്‌നം മാത്രമായി ഉന്നയിക്കേണ്ടതില്ലെന്നും എല്ലാ ഇന്ത്യക്കാരുടേയും ആശങ്കകളാണ് കോണ്‍ഗ്രസ് പങ്കുവയ്‌ക്കേണ്ടതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞതായി അറിയുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ഭയപ്പാടിന്റേയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം, തൊഴില്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയാണ് ഉന്നയിക്കേണ്ടത്. മുസ്ലിംകള്‍ മാത്രമല്ല ദളിതരും സമാന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
വാഷിങ്ടണിലെ യുഎസ്-ഇന്ത്യ പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകനും അക്കാദമിക് വിദഗ്ധനുമായ അബുസാലെ ശരീഫ് മുസ്ലിംകളുടെ തൊഴില്‍ പ്രാതിനിധ്യവും പൗരത്വ പ്രശ്‌നവുമാണ് ഉന്നയിച്ചത്. തന്റെ ഗവേഷണങ്ങളിലെ വിവരങ്ങള്‍ അവതരിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് മുസ്ലിംകള്‍ വന്‍തോതില്‍ വെട്ടിമാറ്റപ്പെടുന്നും ഇതുവഴി അവരുടെ പൗരത്വാവകാശം ഭീഷണിയിലാകാന്‍ പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിംകളെ കൂടുതല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് ശരീഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.