വാഷിംഗ്ടണ്‍- സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഖലിസ്ഥാന്‍ അനുകൂല അനുയായികള്‍ നടത്തിയ ആക്രമണത്തെ അമേരിക്ക അപലപിച്ചു. കോണ്‍സുലേറ്റിനു തീവയ്ക്കാനും നാശംവരുത്താനുമാണ് ശ്രമം നടന്നത്.
പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയില്‍ ഖലിസ്ഥാനികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിട്ടതായി പ്രാദേശിക ചാനലായ ദിയ ടി. വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സാന്‍ഫ്രാന്‍സിസ്കോയിലെ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
മാര്‍ച്ചില്‍ ഖലിസ്ഥാന്‍ അനുകൂല പ്രക്ഷോഭകര്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് കേടുവരുത്തിയിരുന്നു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ജൂണ്‍ 19ന് വാന്‍കൂവറിലെ സിഖ് ആധിപത്യമുള്ള സറേ പട്ടണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ കൊലപാതകത്തിന് ഇന്ത്യന്‍ നയതന്ത്രജ്ഞരെയും സുരക്ഷാ ഏജന്‍സികളെയുമാണ് ഖലിസ്ഥാനികള്‍ കുറ്റപ്പെടുത്തിയിരുന്നത്.
യു. എസിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും വിദേശ നയതന്ത്രജ്ഞര്‍ക്കും എതിരായ നശീകരണമോ അക്രമമോ ക്രിമിനല്‍ കുറ്റമാണെന്ന് യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ ട്വീറ്റ് ചെയ്തു.