ചെന്നൈ-നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മകളും നടിയുമായ അര്‍ഥന. വീടിന്റെ മതില്‍ ചാടി വിജയകുമാര്‍ വീട്ടിലേക്ക് വരുന്ന വീഡിയോ സഹിതം പങ്കുവച്ചാണ് അര്‍ഥനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി കുറിച്ചു.
അര്‍ഥനയുടെ കുറിപ്പ്:
ഏകദേശം 9.45ന് ഞങ്ങള്‍ സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ വിളിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. എന്റെ അച്ഛന്‍ കൂടിയായ മലയാള സിനിമയിലെ നടന്‍ വിജയകുമാറാണ് ഈ വീഡിയോയിലുള്ളത്. 10 വര്‍ഷം മുമ്പ് എനിക്കും അമ്മയ്ക്കും സഹോദരിക്കും സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നിട്ടും അയാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു.
എന്റെ അമ്മയും അച്ഛനും നിയമപരമായി വിവാഹമോചിതരാണ്. ഞാനും സഹോദരിയും അമ്മയും 85 വയസുള്ള എന്റെ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി അയാള്‍ ഇങ്ങനെ അതിക്രമിച്ച് കടക്കുന്നുണ്ട്. നിരവധി കേസുകളും പോലീസില്‍ ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇന്നും അതിക്രമിച്ച് കടന്ന്, ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിപ്പിക്കുമെന്നും അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു.
എനിക്ക് അഭിനയിക്കണമെങ്കില്‍ അയാള്‍ പറയുന്ന സിനിമ ചെയ്യണമെന്ന് പറഞ്ഞു. ജീവിക്കാന്‍ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ എന്റെ സിനിമാ ടീമിനെ തെറിവിളിച്ചു. എന്റെയും അമ്മയുടെയും ജോലി സ്ഥലത്ത് വന്ന് ശല്യപ്പെടുത്തിയതിനും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വന്ന് തടസങ്ങള്‍ സൃഷ്ടിച്ചതിനും ഞാനും അമ്മയും അയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ആ കേസ് കോടതിയില്‍ ഇരിക്കെയാണ് ഇതൊക്കെ സംഭവിക്കുന്നത്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഇഷ്ടപ്രകാരമാണ്. എന്റെ ആരോഗ്യം സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ അത് തുടരും.
ഒരു മലയാളം സിനിമയില്‍ ഞാന്‍ അഭിനയിക്കാതിരിക്കാന്‍ വേണ്ടി അയാള്‍ കേസ് കൊടുത്തിരുന്നു. ഞാന്‍ ഷൈലോക്കില്‍ അഭിനയിച്ചപ്പോഴും അയാള്‍ കേസ് കൊടുത്തിരുന്നു. സിനിമ മുടങ്ങാതിരിക്കാന്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരമാണ് അഭിനയിച്ചതെന്ന് പറഞ്ഞ് നിയമപരമായ രേഖയില്‍ ഒപ്പിടേണ്ടി വന്നിരുന്നു. കൂടുതല്‍ എഴുതാനുണ്ട് എന്നാല്‍ അടിക്കുറിപ്പിന് അനുവദിച്ചിട്ടുള്ള പദ പരിധി തന്നെ അനുവദിക്കുന്നില്ല.എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചു പിടിക്കാന്‍ ഞങ്ങള്‍ കേസ് കൊടുത്തിട്ടുണ്ട്.