ചെന്നൈ - എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലെ വിധിയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്നു ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തു. ഇ.ഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയില്‍ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും ജസ്റ്റിസ് ഭരത ചക്രവര്‍ത്തി പറഞ്ഞു.
ഹേബിയസ് കോര്‍പസ് ഹരജി നിലനില്‍ക്കുമെന്ന് 2 ജഡ്ജിമാരും വ്യക്തമാക്കി. ഇതോടെ, ഹരജിയിലെ തുടര്‍നടപടികള്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാര്‍ ഗഗന്‍പുര്‍വാല തീരുമാനിക്കും. രണ്ടംഗ ബെഞ്ചിലേക്ക് ഒരു ജഡ്ജിയെക്കൂടി നിയോഗിക്കാനാണു നീക്കം. തുടര്‍ന്നു വീണ്ടും വാദം കേള്‍ക്കും. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് അന്തിമവിധി പ്രഖ്യാപിക്കും. കഴിഞ്ഞ 14ന് ഇഡി അറസ്റ്റു ചെയ്ത സെന്തില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണ്. നിലവില്‍ ബൈപാസ് ശസ്ത്രക്രിയക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നു.