മുംബൈ- നിരോധിത സംഘടനയായ ഐ.എസിന്റെ നിര്‍ദേശപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് നാലു പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു. ഇതുവഴി മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഐ.എസ് മൊഡ്യൂള്‍ തകര്‍ത്തതായി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
മുംബൈ, താനെ, പൂനെ എന്നിവിടങ്ങളിലായിരുന്നു ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍. മുംബൈയിലെ നാഗ്പാഡയില്‍ നിന്ന് തബിഷ് നാസര്‍ സിദ്ദിഖി, പൂനെയിലെ കോണ്ട്വയില്‍ നിന്നുള്ള സുബൈര്‍ നൂര്‍ മുഹമ്മദ് ശൈഖ് എന്ന അബു നുസൈബ, താനെയിലെ പദ്ഗയില്‍ നിന്നുള്ള ഷര്‍ജീല്‍ ശൈഖ്, സുല്‍ഫിക്കര്‍ അലി ബറോദാവാല എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 28ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചിടങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയതായി എന്‍ഐഎ അറിയിച്ചു. പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ഐഎസുമായി ബന്ധപ്പെട്ട രേഖകളും ഉള്‍പ്പെടെ നിരവധി കുറ്റകരമായ വസ്തുക്കള്‍ പിടിച്ചെടുത്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിച്ചെടുത്ത വസ്തുക്കള്‍ ഐഎസുമായുള്ള പ്രതികളുടെ ശക്തവും സജീവവുമായ ബന്ധവും ഭീകര സംഘടനയുടെ ഇന്ത്യാ വിരുദ്ധ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ യുവാക്കളെ പ്രേരിപ്പിക്കാനുള്ള ശ്രമവും വ്യക്തമാക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐഎസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും എന്‍.ഐ.എ അറിയിച്ചു.