മെക്‌സിക്കോ സിറ്റി- മെക്‌സിക്കോയിലെ മെക്‌സിക്കന്‍ ഇതര അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് യു എസും മെക്‌സിക്കന്‍ അധികൃതരും തമ്മില്‍ ചര്‍ച്ച. മെക്‌സിക്കോയിലെ ക്യൂബന്‍, ഹെയ്തിയന്‍, നിക്കരാഗ്വന്‍, വെനസ്വേലന്‍ അഭയാര്‍ഥികള്‍ക്കായി യു. എസ് ആരംഭിക്കുന്ന കുടിയേറ്റ പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ച.
ജൂണ്‍ ആറിനു മുമ്പ് മെക്സിക്കോയിലുള്ള അഭയാര്‍ഥികളെയാണ് കുടിയേറ്റ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. യു. എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റത്തിന് കൂടുതല്‍ നിയമപരമായ വഴികള്‍ സൃ്ഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും യു. എസ്, മെക്സിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗ്യതയുള്ള കുടിയേറ്റക്കാരെ യു എസ് അഭയാര്‍ഥി പുനരധിവാസ പദ്ധതി വഴി പ്രവേശിക്കാന്‍ അനുവദിക്കും. യു. എസില്‍ പ്രവേശിച്ച ശേഷം അഭയം തേടുന്ന കുടിയേറ്റക്കാരില്‍ നിന്നും വ്യത്യസ്തമായി അഭയാര്‍ഥികള്‍ക്ക് ഉടനടി ജോലി അംഗീകാരവും ഭവന, തൊഴില്‍ സഹായം പോലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും. യു. എസ് പുനരധിവാസ പരിപാടി ഉപയോഗിക്കുന്ന അഭയാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരതാമസക്കാരാകാന്‍ അപേക്ഷിക്കാം. അംഗീകരിക്കപ്പെടുന്നതിന് അവര്‍ വംശം, മതം, ദേശീയത, ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം അല്ലെങ്കില്‍ രാഷ്ട്രീയ അഭിപ്രായം എന്നിവ കാരണം പീഡനം നേരിടുന്നുണ്ടെന്ന് സ്ഥാപിക്കേണ്ടതുണ്ട്.