കൊച്ചി- നടന്‍ മോഹന്‍ലാല്‍ അവതാരകനായ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ അഞ്ചാം സീസണില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ ജേതാവ്. ടെലിവിഷന്‍ നടി റെനിഷ റഹ്മാന്‍ രണ്ടാം സ്ഥാനവും സോഷ്യല്‍ മീഡിയ താരമായ ജൂനൈസ് വി.പി മൂന്നാം സ്ഥാനവും നേടി. സംരഭകയും നടിയുമായ ശോഭ വിശ്വനാഥ് ആണ് നാലാം സ്ഥാനത്ത്. നടന്‍ ഷിജു എ ആര്‍ അഞ്ചാം സ്ഥാനത്തെത്തി.
മത്സരം തുടങ്ങിയതു മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ അഖില്‍, ഷോ പകുതി ഭാഗം പിന്നിട്ടപ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്നുകേട്ട ശോഭക്കു പക്ഷേ നാലം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
രണ്ടാം സ്ഥാനം സ്വന്തമാക്കിയ റെനിഷ സീസണ്‍ തുടങ്ങിയ ആദ്യ ആഴ്ച്ചകളില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി നിറഞ്ഞാടിയ റെനിഷയെ സംവിധായകന്‍ ഫാസില്‍ അഭിനന്ദിച്ചതും വാര്‍ത്ത ആയിരുന്നു.
ഫൈനല്‍ ഫൈവില്‍ നിന്ന് സ്വന്തം തീരുമാനത്തില്‍ പുറത്തുപോയ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയായ നാദിറ മെഹ്‌റിന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഫിനാലെ വീക്കില്‍ എത്തിയ നാദിറ വിജയിയുടെ സമ്മാന തുകയില്‍ നിന്ന് ഒരോഹരി സ്വന്തമാക്കി സ്വയം പുറത്തു പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഏഴര ലക്ഷം രൂപ നേടിയാണ് നാദിറ ബിഗ് ബോസ് പടിയിറങ്ങിയത്. സെറീന ആന്‍ ജോണ്‍സണ്‍, അനിയന്‍ മിഥുന്‍, റിനോഷ് ജോര്‍ജ്ജ്, വിഷ്ണു ജോഷി, അനു ജോസഫ്, സാഗര്‍ സൂര്യ, ശ്രുതി ലക്ഷ്മി, അഞ്ജൂസ് റോഷ്, ഒമര്‍ ലുലു, മനീഷ കെ എസ്, ശ്രീദേവി മേനോന്‍, ലക്ഷ്മി ലച്ചു, ഗോപിക ഗോപി, ഏന്‍ജലിന്ഡ മരിയ, ഹനാന്‍ എന്നിവരായിരുന്നു ഈ സീസണിലെ മറ്റു മത്സരാര്‍ത്ഥികള്‍.