Sorry, you need to enable JavaScript to visit this website.

ഹിന്ദു കുട്ടികള്‍ മുസ്ലിം തൊപ്പിയിട്ട് നാടകം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

സൂറത്ത്- ഈദുല്‍ അദ്ഹ ആഘോഷം വിദ്യര്‍ഥികള്‍ക്ക് പരിചയപ്പെടുത്താനായി സ്‌കൂളില്‍ ലഘുനാടകം അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.
മുന്ദ്രയില്‍ മാംഗരയിലുള്ള പേള്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സിലെ പ്രിന്‍സിപ്പല്‍ പ്രീതി വസ്വാനിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നാടകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ മുസ്ലിം തൊപ്പിയിട്ട് വിദ്യാര്‍ഥികള്‍ നമസ്‌കരിക്കുന്ന രംഗമുണ്ടായിരുന്നു. ഹിന്ദുകുട്ടികളും മുസ്ലിംകളായി വേഷമിട്ടിരുന്നു. നാടകത്തിന്റെ വിഡിയോ സ്‌കൂള്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിദ്യാര്‍ഥികളുടെ മതാപിതാക്കളും സംഘ്പരിവാര്‍ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തയത്.
പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് തരംതാണ പ്രവൃത്തിയാണ്  ഉണ്ടായതെന്നും  അംഗീകരിക്കാനാവില്ലെന്നും ജില്ലാ െ്രെപമറി വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ സഞ്ജയ് പര്‍മാര്‍ പറഞ്ഞു. വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ സരസ്വതീ പൂജ നടത്തി. സംഭവത്തില്‍ പിന്നീട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു നാടകം അവതരിപ്പിച്ചതെന്നും ആരുടെയെങ്കിലും വികാരത്തെ വൃണപ്പെടുത്തിയെങ്കില്‍ മാപ്പു പറയുന്നുവെന്നും ഇനി ഇത്തരം സംഭവം ഉണ്ടാകില്ലെന്നും പ്രിന്‍സിപ്പല്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

 

Latest News