ലഖ്‌നൗ- ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് നടത്തിയ ചില പരാമർശങ്ങൾ വേദനപ്പിച്ചതിനലാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് കേസിൽ അറസ്റ്റിലായ നാല് പേർ പോലീസിനോട് പറഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ ദയൂബന്ദിൽ വെച്ച് അക്രമികൾ കാറിന് നേരെ വെടിയുതിർത്തപ്പോൾ ആസാദിന് പരിക്കേറ്റിരുന്നു. ഹരിയാനയിലെ അംബാലയിൽനിന്ന് അറസ്റ്റ് ചെയ്ത് നാല് പ്രതികളേയും സഹാറൻപൂരിലേക്ക് കൊണ്ടുവന്നു.
ദയൂബന്ദിലെ രൺഖണ്ഡി സ്വദേശികളായ വികാസ് എന്ന വിക്കി, പ്രശാന്ത്, ലാവിഷ് എന്നിവരും ഹരിയാനയിലെ കർണാൽ ജില്ലയിൽ താമസിക്കുന്ന വികാസുമാണ് അറസ്റ്റിലായതെന്ന് പോലീസ് സ്‌പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ പഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് നാടൻ പിസ്റ്റളുകളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായുംഅദ്ദേഹം പറഞ്ഞു. ദൽഹിയിലും മറ്റും ആസാദ് അടുത്തിടെ നടത്തിയ പരാമർശങ്ങൾ തങ്ങളെ വേദനിപ്പിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് പറഞ്ഞു.
ആസാദിന്റെ അനുചിതമായ പരാമർശങ്ങളിൽ അസ്വസ്ഥരായതിനാലാണ് ആക്രമണം നടത്തിയതെന്നും വിശദാശംങ്ങളൊന്നും വെളിപ്പെടുത്താതെ പോലീസ് പറഞ്ഞു.
ദയൂബന്ദിൽ ആസാദിന്റെ പരിപാടിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികൾ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
36 കാരനായ ആസാദ് ദയൂബന്ദിലെ ഒരു അനുയായിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ പരിപാടി കഴിഞ്ഞ് പോകുമ്പോൾ അക്രമികൾ അദ്ദേഹത്തിന്റെ എസ്‌യുവിക്ക് നേരെ നാല് വെടിയുതിർത്തു.
തങ്ങളുടെ പക്കൽ രണ്ട് പിസ്റ്റളുകളുണ്ടായിരുന്നുവെന്നും സഞ്ചരിച്ച വാഹനം കർണാൽ സ്വദേശി വികാസാണ് ഓടിച്ചിരുന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
സ്പീഡ് ബ്രേക്കറിന് സമീപം ആസാദിന്റെ വാഹനം വേഗത കുറച്ച ഉടൻ തന്നെ പ്രതികൾ വാഹനത്തെ മറികടന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വിക്കി രണ്ട് റൗണ്ടും പ്രശാന്ത് ഒരു റൗണ്ടും വെടിയുതിർത്ത ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്ന.
കുറച്ചു ദൂരം പോയപ്പോൾ ഇന്ധനം തീർന്നതിനെ തുടർന്ന് വാഹനം മിരാഗ്പൂരിൽ ഉപേക്ഷിച്ചു. ഈ വാഹനം പോലീസ് കണ്ടെടുത്തു.