ന്യൂദല്‍ഹി - ഏക സിവില്‍ കോഡില്‍ കോണ്‍്ഗ്രസിന്റെ ഒളിച്ചു കളി തുടരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കേണ്ടതില്ലെന്നും കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്നുമാണ് കോണ്‍്ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നയരൂപീകരണ സമിതി യോഗത്തിന്റെ തീരുമാനം. ഇക്കാര്യം പാര്‍ട്ടി വക്താവ് ജയറാം രമേശ് ദല്‍ഹിയില്‍ വ്യക്തമാക്കുകയും ചെയ്തു. ഏക സിവില്‍ കോഡ് ബില്ലിലെ നീക്കങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി ചേര്‍ന്നത്. വളരെ ഗൗരവമായ പ്രശ്നമായിട്ടുപോലും ഇപ്പോള്‍ നിലപാട് കൈക്കൊള്ളേണ്ടതില്ലെന്ന തീരുമാനം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നല്കിയ സൂചന വലിയ ആശയക്കുഴപ്പമാണ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയത്. രാജസ്ഥാന്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ ഇപ്പോള്‍ ഏക സിവില്‍ കോഡില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എതിര്‍ത്താല്‍ മുസ്ലീം പ്രീണനമെന്ന ആക്ഷേപം ബി ജെ പി ശക്തമാക്കുമെന്നും അവര്‍ കണക്കു കൂട്ടുന്നുണ്ട്. അതുകൊണ്ടാണ് ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്താതെ കോണ്‍്ഗ്രസ് നതൃത്വം ഒഴിഞ്ഞു മാറുന്നത്.