Sorry, you need to enable JavaScript to visit this website.

ഞങ്ങള്‍ തട്ടിപ്പുകാരല്ല, സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ച് സുപ്രിയ മേനോന്‍

കൊച്ചി- പൃഥ്വിരാജ് 25 കോടി രൂപ അടച്ചുവെന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെ കൃത്യമായ ജിഎസ് ടി അടച്ചതിനു വകുപ്പിന്റെ അംഗീകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ച് ഭാര്യ സുപ്രിയ മേനോന്‍ . ഇന്‍സ്റ്റഗ്രാമിലാണ് സര്‍ട്ടിഫിക്കറ്റ്  ഷെയര്‍ ചെയ്തിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ്. മലയാള സിനിമയില്‍ വിദേശത്ത് നിന്നും വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി പൃഥ്വിരാജ് 25 കോടി രൂപ അടച്ചുവെന്ന രീതിയില്‍  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെ പൃഥ്വിരാജ് തന്റെ ഭാഗം വിശദീകരിച്ച് പ്രസ്താവന ഇറക്കിയിരുന്നു.'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായ് 25 കോടി അടച്ചുവെന്നും 'പ്രൊപഗാന്‍ഡ' സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത, ചില ഓണ്‍ലൈന്‍, യൂട്യൂബ് ചാനലുകളില്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാല്‍ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകള്‍ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു- പ്രസ്താവനയില്‍ പൃഥ്വിരാജ് പറഞ്ഞു.

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല,' എന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

 

 

Latest News