ന്യൂദല്‍ഹി- ദല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സിനെതിരെ
ആം ആദ്മി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രധാന തസ്തികകകളില്‍ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ദല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയ അധികാരങ്ങള്‍ ഇല്ലാതാക്കുന്നതായിരുന്നു കേന്ദ്രത്തിന്റെ ഓഡിനന്‍സ്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നാരോപിച്ചാണ് ദല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മേയ് 19നാണ് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിന് അധികാരമുള്ള നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്നതിനായിരുന്നു ഓര്‍ഡിനന്‍സ്. ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അധികാരം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധി വന്ന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്രത്തിന്റെ നടപടി. ദല്‍ഹി മുഖ്യമന്ത്രിയാണ് അതോറിറ്റിയുടെ ചെയര്‍മാന്‍. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് മറ്റു അംഗങ്ങള്‍. അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരായ അംഗങ്ങളുടെയും വോട്ടു ചെയ്യുന്നവരുടെയും ഭൂരിപക്ഷ വോട്ടുകള്‍ കണക്കാക്കി തീരുമാനിക്കപ്പെടും. മുഖ്യമന്ത്രിയെ മറികടക്കാന്‍ കേന്ദ്രം നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിയും. സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ലഫ്.ഗവര്‍ണറായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.