Sorry, you need to enable JavaScript to visit this website.

കാഴ്ചക്കാര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി യുട്യൂബ്

ലോസ് ഏഞ്ചലസ്- പരസ്യങ്ങള്‍ കാണാതിരിക്കാന്‍ ആഡ്‌ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവരെ നിരുത്സാഹപ്പെടുത്താന്‍ യുട്യൂബ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. ഇതിനായി കമ്പനി ആഗോളതലത്തില്‍ ചെറിയ പരീക്ഷണം ആരംഭിച്ചതായാണ് ദി വെര്‍ജ് (The Verge) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ പ്രീമിയം ഉപയോക്താവായി മാറണം.
പരസ്യം തടയുന്നതിനുള്ള ടൂളുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം യുട്യൂബ്  കണ്ടെത്തിയാല്‍ വീഡിയോ പ്ലേബാക്ക് വിച്ഛേദിക്കപ്പെടുമെന്ന പുതിയ മുന്നറിയിപ്പ് പലര്‍ക്കും ലഭിക്കുന്നുണ്ട്.  
പരസ്യ ബ്ലോക്കര്‍ കണ്ടെത്തുന്നത് പുതിയ കാര്യമല്ലെന്നും മറ്റ് പ്രസാധകര്‍ പരസ്യ ബ്ലോക്കറുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ കാഴ്ചക്കാരോട് പതിവായി ആവശ്യപ്പെടാറുണ്ടെന്നും യുട്യൂബ് ഇമെയിലില്‍  ദി വെര്‍ജിന് മറുപടി നല്‍കി. പരസ്യ ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേബാക്ക് പ്രവര്‍ത്തനരഹിതമാക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗൂഗിള്‍ വക്താവ് ഒലുവ ഫലോഡന്‍  പറഞ്ഞു,
പരസ്യങ്ങള്‍ അനുവദിക്കുന്നതിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ കാഴ്ചക്കാര്‍ അവഗണിക്കുകയാണെങ്കില്‍ മാത്രമേ പ്ലേബാക്ക് പ്രവര്‍ത്തനരഹിതമാക്കുകയുള്ളൂ. ഒരു പരസ്യ ബ്ലോക്കര്‍ ഉപയോഗിക്കുന്നതായി തെറ്റായ സന്ദേശമാണ് ലഭിക്കുന്നതെങ്കില്‍  കാഴ്ചക്കാര്‍ക്ക്  ലിങ്കില്‍ ക്ലിക്കുചെയ്ത് ഫീഡ് ബാക്ക് പങ്കിടാമെന്നും ഒലുവ പറഞ്ഞു.
പരസ്യ ബ്ലോക്കറുകള്‍ക്കെതിരെ യുട്യൂബ് നടപടികള്‍ കടുപ്പിക്കുകയാണെന്ന് ഈ നടപടികള്‍ സൂചിപ്പിക്കുന്നത്. ഉള്ളടക്കം അപ് ലോഡ് ചെയ്യുന്നവര്‍ക്ക്  പ്രതിഫലം നല്‍കാനും  പ്ലാറ്റ്‌ഫോം സ്വതന്ത്രമായി തുടരാനും പരസ്യ സ്‌പോട്ടുകളെല്ലാം നിര്‍ണായകമാണെന്നാണ് യുട്യൂബ് അകാശപ്പെടുന്നത്.

 

Latest News