Sorry, you need to enable JavaScript to visit this website.

മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ മൗനം അത്ഭുതകരം; വിമർശവുമായി ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

- കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറിന് എന്തുകൊണ്ടാവുന്നില്ല?  ഏകീകൃത സിവിൽ കോഡ് മതേതരത്വത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ പാടില്ലെന്നും സഭ

കോട്ടയം - മണിപ്പൂർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാറിന് വീഴ്ചയുണ്ടായെന്ന വിമർശവുമായി ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മണിപ്പൂരിലേത് മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്നില്ല. രണ്ട് വിഭാഗത്തിൽ പെട്ടവരും കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കേണ്ടതായിരുന്നു. അദ്ദേഹം വിദേശത്ത് പോകുന്നതിനു മുമ്പ് കാണാൻ നേതാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രധാനമന്ത്രിയുടെ മൗനം അത്ഭുതകരമാണ്. ഏകീകൃത സിവിൽ കോഡ് മതേതരത്വത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ പാടില്ല. അങ്ങനെ ഉണ്ടായാൽ ഭാരത സംസ്‌കാരത്തിന്റെ നാരായ വേരിന് കത്തി വെക്കുന്നതിന് തുല്യമാകുമത്.
 ഒരു ഗോത്ര വിഭാഗത്തിൽ ഏറെ ക്രിസ്ത്യാനികൾ ഉണ്ട്. അതേസമയം മറുവിഭാഗവും കൊല്ലപ്പെടുന്നുണ്ട്. രണ്ട് വിഭാഗവും കലാപം നിർത്തണം. കലാപത്തിൽ സഭക്ക് ആശങ്കയുണ്ട്. സർക്കാർ പലതവണ ഇടപെട്ടുവെന്ന് പറയുന്നു. എന്നാൽ, ആഭ്യന്തര മന്ത്രി തന്നെ പോയിട്ടും കലാപം തീർന്നില്ല. എന്തുകൊണ്ടാണ് കലാപം നിർത്താൻ സാധിക്കാത്തതെന്നും അദ്ദഹം ചോദിച്ചു. 
 കൂടുതൽ പട്ടാള സാന്നിധ്യം അവിടെ ഉണ്ടാകണം. അതിനുള്ള ആർജവം കേന്ദ്രം കാണിക്കണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. പല കലാപങ്ങളും പെട്ടെന്ന് തീർക്കാറുണ്ട്. ഇത്രയും നീണ്ടുപോകാനുള്ള കാരണം എന്താണെന്നത് ആശങ്കയുളവാക്കുന്നതാണ്. അവിടെ നഷ്ടമുണ്ടായത് ക്രിസ്ത്യാനികൾക്ക് മാത്രമല്ല. ഗോത്രങ്ങൾ തമ്മിലുള്ള കലാപത്തെ വർഗീയമായി ചിത്രീകരിക്കാമോ എന്നറിയില്ല. എങ്കിലും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികൾക്കാണെന്നാണ് മനസിലാക്കുന്നത്. 
 കോടതി വിധിയുടെ അന്തസ്സത്തക്കുള്ളിൽ നിന്നുള്ള വിട്ടുവീഴ്ചകൾക്ക് സഭ തയ്യാറാണെന്നായിരുന്നു സഭാ തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.
 

Latest News