ന്യൂദൽഹി- മണിപ്പൂരിൽ അക്രമത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടപ്പോൾ ഹൃദയം തകർന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരും വീടും നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്, ഓരോ സഹോദരന്റെയും മുഖത്ത് സഹായത്തിനുള്ള നിലവിളിയുണ്ട്. ഞാൻ കണ്ടുമുട്ടിയ ഓരോ സഹോദരിയിലും കുട്ടിയിലും ആ നിലവിളിയുണ്ട്- രാഹുൽ പറഞ്ഞു. 'മണിപ്പൂരിന് ഇപ്പോൾ ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം സമാധാനമാണ് - നമ്മുടെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കണം. എല്ലാ ശ്രമങ്ങളും ആ ലക്ഷ്യത്തിലേക്ക് ഒന്നിക്കണം.'
രണ്ട് ദിവസത്തെ മണിപ്പുർ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി സമാന ചിന്താഗതിക്കാരായ 10 പാർട്ടി നേതാക്കളുമായും യുണൈറ്റഡ് നാഗാ കൗൺസിൽ (യുഎൻസി) നേതാക്കളുമായും സിവിൽ സൊസൈറ്റി അംഗങ്ങളുമായും ഇംഫാലിൽ കൂടിക്കാഴ്ച നടത്തുമെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പറഞ്ഞു.
'രാഹുൽ ഗാന്ധി എല്ലാ ദുരിതബാധിത കുടുംബങ്ങളെയും കാണുകയും മൊയ്റാംഗിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. അതിനുശേഷം അദ്ദേഹം ഇംഫാലിലേക്ക് മടങ്ങും. ഇംഫാൽ ഹോട്ടലിൽ അദ്ദേഹം സിവിൽ സൊസൈറ്റി സംഘടനാ നേതാക്കളെയും യുണൈറ്റഡ് നാഗാ കൗൺസിൽ നേതാക്കളെയും സമാന ചിന്താഗതിക്കാരായ 10 രാഷ്ട്രീയ പാർട്ടികളെയും ഒപ്പം കാണും. സമാധാനത്തിനായി മാത്രമാണ് അദ്ദേഹം ഇവിടെയുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
വംശീയ കലാപം നടന്ന മണിപ്പൂരിലെ ദ്വിദിന സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ വ്യാഴാഴ്ച രാവിലെ രാഹുൽ ഗാന്ധി മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ അക്രമബാധിതരെ സന്ദർശിച്ചിരുന്നു. ഇരകളെ കാണുന്നതിൽ നിന്ന് അധികാരികൾ തടയുന്നുവെന്ന് നേരത്തെ ആരോപിച്ച കോൺഗ്രസ് നേതാക്കൾ പിന്നീട് മൊയ്റാംഗിലേക്ക് വരാൻ ഭരണകൂടം അനുവദിച്ചില്ലെന്നും വ്യക്തമാക്കി.
മണിപ്പൂരിന് രോഗശാന്തി ആവശ്യമാണെന്നും സമാധാനത്തിനാണ് മുൻഗണനയെന്നും രാഹുൽ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 'മണിപ്പൂരിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാരെയും കേൾക്കാനാണ് ഞാൻ വന്നത്. എല്ലാ സമുദായങ്ങളിലെയും ആളുകൾ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നു. സർക്കാർ എന്നെ തടയുന്നത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിന് രോഗശാന്തി ആവശ്യമാണ്. സമാധാനമാണ് ഞങ്ങളുടെ മുൻഗണന,' അദ്ദേഹം പറഞ്ഞു.