നോയിഡ (ഉത്തര്‍പ്രദേശ്) - നവവധു കല്യാണപ്പിറ്റേന്ന് പ്രസവിച്ചു. വിവാഹ രാത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയാണ് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. തെലങ്കാനയിലെ സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് വിവാഹപ്പിറ്റേന്ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവാഹം കഴിഞ്ഞ ആദ്യ രാത്രിയില്‍ യുവതിക്ക് കടുത്ത വയറുവേദന വരികയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഗര്‍ഭിണിയായെന്ന് മനസ്സിലായത്. തുടര്‍ന്ന് അധികം താമസിയാതെ പ്രസവിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാലാണ് വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. വഞ്ചനയാണ് കാണിച്ചതെന്ന് വ്യക്തമാക്കി ഭര്‍തൃവീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് വധുവിന്റെ കുടുംബം തെലങ്കാനയില്‍ നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി.