Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ്  കപ്പല്‍ കന്നി യാത്രയ്ക്ക് ഒരുങ്ങി 

ഷിക്കാഗോ- 'ഐക്കണ്‍ ഓഫ് ദി സീസ്' എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ ആദ്യ യാത്രയ്ക്ക് ഒരുങ്ങി. യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 2024 ജനുവരി 27 നാണ് ഐക്കണ്‍ ഓഫ് ദി സീസിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. ഫിന്‍ലന്‍ഡിലെ മേയര്‍ ടര്‍ക്കു കപ്പല്‍ശാലയില്‍ നിര്‍മിച്ച ക്രൂയിസ് കപ്പല്‍ യൂറോപ്യന്‍ കടല്‍ പരീക്ഷണങ്ങളുടെ ആദ്യ റൗണ്ട് ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 450 -ലധികം വിദഗ്ധരങ്ങുന്ന സംഘം കപ്പലിന്റെ പ്രധാന എഞ്ചിനുകള്‍, വില്ലുകള്‍, പ്രൊപ്പല്ലറുകള്‍, ശബ്ദം, വൈബ്രേഷന്‍ നിലകള്‍ എന്നിവയില്‍ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കി കഴിഞ്ഞു. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന രണ്ടാമത്തെ കടല്‍ പരീക്ഷണത്തിന് കപ്പലിനെ സജ്ജമാക്കുന്നതിനാണ് ഈ വിദഗ്ധ പരിശോധനകള്‍ നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ രണ്ടായിരത്തോളം മറ്റ് സ്പെഷ്യലിസ്റ്റുകളും കപ്പലില്‍ പരിശോധന നടത്തി.
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ എന്ന പദവി നേടിയെടുത്ത ഐക്കണ്‍ ഓഫ് ദി സീസ് കപ്പലിന് 1,200 അടിയോളം നീളവും 2,50,800 ടണ്‍ ഭാരവുമുണ്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. അവധിക്കാല ആഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ ഇതിലും നല്ല ഒരിടമില്ലെന്നാണ് റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടത്. റിസോര്‍ട്ട് ഗെറ്റ് എവേ മുതല്‍ ബീച്ച് എസ്‌കേപ്പ്, തീം പാര്‍ക്ക്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവ വരെ കപ്പലിലുണ്ടാകും. കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റെസ്റ്റോറന്റുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാല്‍പതിലധികം കേന്ദ്രങ്ങളും കപ്പലിലുണ്ടെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. മിയാമിയില്‍ നിന്ന് ആരംഭിക്കുന്ന കപ്പലിന്റെ ആദ്യ യാത്ര ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്. അതേ സമയം റോയല്‍ കരീബിയന്റെ കീഴില്‍ 'ഉട്ടോപ്യ ഓഫ് ദി സീസ്' എന്ന പേരില്‍ 2024 ഓടെ മറ്റൊരു ക്രീയിസ് ഷിപ്പ് കൂടി പുറത്തിറങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നു. വണ്ടര്‍ ഓഫ് ദി സീസ് ആണ് ഇതിന് മുമ്പ് റോയല്‍ കരീബിയന്‍ പുറത്തിറക്കിയ ആഡംബര കപ്പല്‍.

Latest News