ന്യൂദല്‍ഹി - ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡയും ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളുമായി പ്രധാനമന്ത്രി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരുന്നത്. സെപ്റ്റംബറില്‍ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന പ്രഗതി മൈതാനത്ത് പുതുതായി നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററില്‍ യോഗം ചേരാനാണ് സാധ്യത. ജൂലൈ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ എടുക്കേണ്ട നടപടികളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് അറിയുന്നത്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പ് ബി ജെ പിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഈ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭാ പുന:സംഘടനയില്‍ മുന്‍തൂക്കം ലഭിച്ചേക്കും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെയൊ, ഇ ശ്രീധരനെയോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ട്.