കൊച്ചി- മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ 7.75 ലക്ഷം നേടി മത്സരാര്‍ത്ഥിയായ നാദിറ മെഹ്‌റിന്‍ ഷോ വിട്ടിറങ്ങി. ബിഗ് മലയാളം ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഇങ്ങനെ ക്വിറ്റ് ചെയ്യുന്നത്. പണപ്പെട്ടി ടാസ്‌കില്‍ 7.75 ലക്ഷം നേടിയാണ് നാദിറ മെഹ്‌റിന്‍ പുറത്തിറങ്ങിയത്.
ആദ്യ ദിവസം തുറന്ന പെട്ടിയില്‍ ഏറ്റവും വലിയ തുക ആറര ലക്ഷം രൂപയായിരുന്നു. നാദിറ മെഹ്‌റിന്‍ ഒഴികെ മറ്റാരും പെട്ടി എടുക്കാന്‍ മുന്നോട്ടുവന്നിരുന്നില്ല. പുറത്ത് പോകാന്‍ തനിക്ക് സമ്മതമാണെന്ന് ബിഗ് ബോസിനെ നാദിറ അറിയിച്ചു. എന്നാല്‍ ഒരു ദിവസം കൂടി ടാസ്‌ക് ഉണ്ടാകുമെന്നും ഇനിയും പണപ്പെട്ടികള്‍ വരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പ് വന്നതോടെ തീരുമാനത്തില്‍നിന്ന് നാദിറ പിന്മാറി. രണ്ടാം ദിവസം മൂന്നാമതായി തുറന്ന പെട്ടിയില്‍ ഏഴേമുക്കാല്‍ ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. പെട്ടി തുറന്നതോടെ താന്‍ പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് നാദിറ അറിയിച്ചു.
തീരുമാനം അന്തിമമാണെങ്കില്‍ പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകാന്‍ ബിഗ് ബോസിന്റെ നിര്‍ദേശം വന്നു. തന്നെ സംബന്ധിച്ചടത്തോളം ഏഴേമുക്കാല്‍ ലക്ഷം എന്നത് വലിയൊരു തുകയാണെന്നും ഇപ്പോള്‍ ഈ തുകയും എടുത്ത് പുറത്തേക്ക് പോകുന്നതാണ് നല്ലതെന്ന് തോന്നിയെന്നുമാണ് അവസാനമായി നാദിറ പറഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ത്ഥി പണപ്പെട്ടി ടാസ്‌ക് കളിച്ച് ഷോ ക്വിറ്റ് ചെയ്തത്.